leonardo-

റോം: ഇറ്റലിയിലെ ഏറ്റവും അപകടകാരിയായ മാഫിയ തലവന്മാരിൽ ഒരാളായ ലിയോനാർഡോ ഗെസുവൽഡോ (39) പിടിയിൽ. അഞ്ച് വർഷമായി ഒളിവിൽ കഴിയുന്ന ഇയാളെ ഇന്നലെ രാത്രിയിൽ നടത്തിയ റെയ്‌ഡിലാണ് രാജ്യത്തെ സൈനിക പൊലീസ് സേനയായ കാരാബിനിയേരിയിലെ ഒരു പ്രത്യേക സംഘമാണ് പിടികൂടിയത്.

തെക്കൻ ഇറ്റലിയിലെ ഫോഗിയയിലുള്ള ഒളിത്താവളത്തിലാണ് ലിയോനാർഡോ കഴിഞ്ഞിരുന്നത്. അ‌ദ്ധരാത്രിയിൽ ഉറങ്ങിക്കിടന്ന ഇയാളെയാണ് പൊലീസ് പിടികൂടിയത്. ലിയോനാർഡോയുടെ കയ്യിൽ നിന്ന് വെടിയുണ്ട നിറച്ച തോക്കും പൊലീസ് കണ്ടെത്തി. തെക്കൻ ഇറ്റലിയിലുള്ള കുപ്രസിദ്ധ സംഘത്തിലെ മുതിർന്ന അംഗമാണ് ലിയോനാർഡോ. ആയുധക്കച്ചവടം, മയക്കുമരുന്ന് കടത്തൽ, മനുഷ്യക്കടത്ത്, കവർച്ചകൾ. കൊലപാതകങ്ങൾ എന്നിങ്ങനെ നിരവധി ക്രൂരതകൾ ചെയ്യുന്ന സംഘമാണിത്.

2017 -18 കാലത്ത് നടത്തിയ ഒരു സർവേ പ്രകാരം ലിയോനാർഡോയുടെ സംഘം, ഫോഗിയ പ്രവിശ്യയിൽ ആഴ‌്‌ചയിൽ ഒരു കൊലപാതകം, ഒരു കവർച്ച, ഓരോ 48 മണിക്കൂറിലും ഒരു കൊള്ളയടിക്കൽ എന്നിവ നടത്തിയിരുന്നു. ഇത് അവസാനിപ്പിക്കാൻ ഒന്നിലധികം ഓപ്പറേഷനുകൾ പൊലീസ് നടത്തി. 2020ൽ ലിയോനാർഡോയുടെ ഡസൻ കണക്കിന് കൂട്ടാളികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചു. പക്ഷേ, ലിയോനാർഡോ രക്ഷപ്പെട്ടു. പിന്നീട് ഇപ്പോഴാണ് ലിയോനാർഡോയെ പിടികൂടാനായത്. ഇയാളുടെ കൂട്ടാളികൾക്ക് 12 വർഷം തടവ് ശിക്ഷയ്‌ക്കാണ് വിധിച്ചത്. പൊലീസുകാർ ധാരാളം കുറ്റവാളികളെ പിടികൂടിയെങ്കിലും ഇപ്പോഴും ഇറ്റലിയിൽ മാഫിയ സംഘങ്ങൾ ശക്തമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.