
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ അവതാരകനായ പ്രശസ്ത ഷോയായ കോൻ ബനേഗ ക്രോർപതിയിൽ വിരാട് കൊഹ്‌ലിയെക്കുറിച്ച് ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്ടനും സൂപ്പർ താരവുമായ വിരാട് കൊഹ്‌ലിയുടെ ആരാധകരെ ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു ക്രിക്കറ്റുമായി ബന്ധപ്പെട്ട ആ ചോദ്യം. ക്രിക്കറ്റർമാരിൽ ഏകദിന ഫോർമാറ്റിൽ പതിനായിരത്തിലധികം റൺസ് നേടുകയും എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ആ നേട്ടം കൈവരിക്കാതിരിക്കുകയും ചെയ്ത താരം ആരാണ് ?
ഇതാണ് മത്സരാർത്ഥിയോട് അമിതാഭ്ബച്ചൻ ചോദിച്ച ചോദ്യം. ഓപ്ഷൻ എ ജോ റൂട്ട്, ബി: വിരാട് കൊഹ്ലി, സി: സ്റ്റീവ് സ്മിത്ത്, ഡി: കെയിൻ വില്യംസൺ. ഓപ്ഷൻ ബി വിരാട് കൊഹ്‌ലിയായിരുന്നു ശരിയായ ഉത്തരം. 12,50,000 രൂപയുടെ സമ്മാനത്തുകയ്ക്ക് വേണ്ടിയായിരുന്നു ഈ എളുപ്പമുള്ള ചോദ്യം ചോദിച്ചതെന്നതും ശ്രദ്ധേയമാണ്.
കൊഹ്‌ലിയെപ്പോലെ ഇന്ത്യൻ ക്യാപ്ടൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ടെസ്റ്റ് ഫോർമാറ്റിൽ ആധിപത്യം സ്ഥാപിച്ച ഒരു താരം എന്തുകൊണ്ടാണ് 10,000 ടെസ്റ്റ് റൺസ് എന്ന നാഴികക്കല്ല് മറികടക്കാതെ പോയതെന്ന ചിന്തയാണ് ഈയൊരു ചോദ്യം ആരാധകർക്കിടയിലേക്ക് കൊണ്ടുവന്നത്. ചോദ്യത്തിന്റെ സ്ക്രീൻഷോട്ട് വൈറലായതോടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തിയത്.
ടെസ്റ്റ് ഫോർമാറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരിക്കെയാണ് കൊഹ്‌ലി വിരമിച്ചത്. ഇത്തരം കണക്കുകൾ വരുമ്പോൾ മിക്ക കളിക്കാരും ഒന്നുകിൽ ടെസ്റ്റ് കളിക്കാത്തവരോ അല്ലെങ്കിൽ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവരോ ആയിരിക്കും. എന്നാൽ കൊഹ്‌ലി അദ്ദേഹത്തിന്റെ സ്വന്തം നിലയിൽ ടെസ്റ്രിൽ നിന്ന് വിരമിക്കുകയായിരുന്നു,
വിരമിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം പതിനായിരം റൺസ് ടെസ്റ്റ് ഫോർമാറ്റിൽ പൂർത്തിയാക്കേണ്ടതായിരുന്നു. സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുമ്പോൾ കൊഹ്‌ലി ഏകദേശം 150 ഏകദിന മത്സരങ്ങളും 75 ടെസ്റ്റ് മത്സരങ്ങളും കുറവാണ് കളിച്ചത്. എന്നാൽ കൊഹ്‌ലി ടെസ്റ്റിൽ പതിനായിരം റൺസ് പൂർത്തിയാക്കിയില്ലെന്ന വസ്തുത ക്രിക്കറ്റ് പ്രേമികളെ വേദനിപ്പിക്കുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം.
ഈ വർഷം മേയിലാണ് വിരാട് കൊഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ആകരാധകർക്ക് വലിയ ആഘാതമായിരുന്നു. 'ടെസ്റ്റ് ക്രിക്കറ്റിന്റെ ബാഗി ബ്ളൂ അണിഞ്ഞിട്ട് പതിനാല് വർഷമായി. ടെസ്റ്റ് ഫോർമാറ്റിലൂടെയുള്ള യാത്ര തന്നെ പരീക്ഷിക്കുകയും രൂപപ്പെടുത്തുകയും ജീവിതാവസാനം വരെ കൂടെകൂട്ടാൻ കഴിയുന്ന പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തു.'- വിരമിക്കൽ പ്രഖ്യാപനത്തോടനുബന്ധിച്ച് കൊഹ്‌ലി സോഷ്യൽ മീഡിയ പങ്കുവച്ച ഈ പോസ്റ്റ് ആരാധകാർ ഏറെ വേദനയോടെയാണ് കണ്ട്ത്.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് മാറുന്നത് അത്ര എളപ്പമുള്ള കാര്യമല്ല. എന്നാൽ ഇപ്പോൾ അത് ശരിയാണെന്ന് തോന്നുന്നു. കഴിവിന്റെ പരമാവധി താൻ ടെസ്റ്റ് ക്രിക്കറ്റിന് നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് തിരികെയും നൽകി. നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് വിട വാങ്ങുന്നതെന്നും ടെസ്റ്റ് കരിയറിലേക്ക് എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
10,000 റൺസ് എന്ന നേട്ടത്തിന് തൊട്ടടുത്ത് നിന്ന് വിരമിക്കുമ്പോഴും കൊഹ്‌ലി തന്റെ ടെസ്റ്റ് ഫോർമാറ്റിലേക്ക് അവസാനിപ്പിച്ചത് വലിയ നേട്ടത്തോടെയാണ്. 123 മത്സരങ്ങളിൽ നിന്ന് 9230 റൺസ് നേടിയാണ് കൊഹ്‌ലി ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. ടെസ്റ്റിൽ ഇന്ത്യയുടെ റൺവേട്ടക്കാരിൽ നാലാം സ്ഥാനമാണ് കൊഹ്‌ലിയുടേത്.
നീണ്ട 14 വർഷത്തെ ടെസ്റ്റ് കരിയറിൽ 30 സെഞ്ച്വറികളും 31 അർദ്ധ സെഞ്ച്വറികളുമാണ് കൊഹ്‌ലി നേടിയത്. എന്നാൽ ഒരു ക്യാപ്ടൻ എന്ന നിലയിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ തിളങ്ങിയത്. കൊഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യ കളിച്ച 68 ടെസ്റ്റ് മത്സരങ്ങളിൽ 40ലും (58.82 ശതമാനം) വിജയിച്ചു. മുൻ ക്യാപ്ടൻമാരായ എം എസ് ധോണി (45 ശതമാനം), സൗരവ് ഗാംഗുലി (42.86 ശതമാനം) എന്നിവരെക്കാൾ വളരെ മുന്നിലാണ് കൊഹ്‌ലിയുടെ റെക്കാർഡ്. ചുരുക്കത്തിൽ കൊഹ്‌ലിയുടെ വിരമിക്കൽ തീരുമാനം അദ്ദേഹത്തെ 10,000 റൺസിൽ നിന്ന് അകറ്റി നിർത്തിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ടെസ്റ്റ് പാരമ്പര്യം എന്നും എക്കാലവും മികച്ചതായി തുടരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.