
തിരുവനന്തപുരം: മെറ്റേണൽ-ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനാമായ 'ഫീറ്റോമാറ്റ് 2025' ഒക്ടോബർ 11, 12 തീയതികളിൽ തിരുവനന്തപുരം ഓ ബൈ താമരയിൽ നടക്കും. ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്‌സുമായി സഹകരിച്ച് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ വിഭാഗവും ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മാതൃ-ശിശു ആരോഗ്യരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും ഹൈ-റിസ്‌ക് ഗർഭധാരണ കേസുകളിൽ മൾട്ടി-ഡിസിപ്ലിനറി പരിചരണത്തിന്റെ പങ്കും വിദഗ്ദ്ധർ ചർച്ച ചെയ്യും.
'ബ്രിഡ്ജിങ് ബിഗിനിംങ്സ് ആൻഡ് ബിയോൻഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന ഈ സമ്മേളനം, ഗർഭധാരണത്തിന് മുൻപുള്ള ആസൂത്രണം, ഗർഭകാല പരിചരണം, പ്രസവാനന്തരമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തുടങ്ങി സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മെറ്റേണൽ-ഫീറ്റൽ മെഡിസിൻ രംഗത്തെ സമകാലിക വെല്ലുവിളികളെക്കുറിച്ചും നൂതന കണ്ടുപിടിത്തങ്ങളെക്കുറിച്ചുമുള്ള അൻപതോളം വിദഗ്ദ്ധ സെഷനുകൾ അരങ്ങേറും.
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള ലിവർപൂൾ ഹോസ്പിറ്റ്ലിലെ മെറ്റേണൽ ഫീറ്റൽ മെഡിസിൻ കൺജോയിന്റ് പ്രൊഫസറായ ഡോ. ജോൺ സ്മോളെനിയേക്, ചെന്നൈ മെഡിസ്‌കാൻ ഡയറക്ടറും ഇന്ത്യയിലെ പ്രശസ്ത ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധനുമായ ഡോ. സുരേഷ് എസ് ഉൾപ്പെടെയുള്ളവർ തങ്ങളുടെ ക്ലിനിക്കൽ അനുഭവങ്ങൾ പങ്കുവയ്ക്കും.
രാജ്യത്തിനകത്ത് നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ ആരോഗ്യവിദഗ്ദ്ധരെ ഒരുമിപ്പിച്ച് പെരിനാറ്റോളജി, ഫീറ്റൽ മെഡിസിൻ രംഗത്തെ ഏറ്റവും പുതിയ അറിവുകൾ പങ്കുവയ്ക്കുന്ന ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിൽ കിംസ്ഹെൽത്തിന് അഭിമാനമുണ്ടെന്ന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു.