
കാബൂൾ: താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനത്തിനിടെ, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാന്റെ പ്രകോപനം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് ശക്തമായ സ്ഫോടനങ്ങളാണ് കിഴക്കൻ കാബൂളിലുണ്ടായത്.
പാകിസ്ഥാൻ രാജ്യത്തിന്റെ പരമാധികാരം ലംഘിച്ചെന്നും നടപടി പ്രകോപനപരമാണെന്നും താലിബാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തെക്കു-കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ഒരു മാർക്കറ്റിലും പാകിസ്ഥാൻ ബോംബിട്ടെന്നും നിരവധി കടകൾ നശിച്ചെന്നും താലിബാൻ ആരോപിച്ചു.
അതേ സമയം, ആരോപണം പാകിസ്ഥാൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, പാകിസ്ഥാനെതിരെയുള്ള ഭീകരതയുടെ കേന്ദ്രമായി അഫ്ഗാൻ മാറിയെന്നും, പാക് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാക് ജനറൽ അഹ്‌മ്മദ് ഷെരീഫ് ചൗധരി ഇന്നലെ പെഷവാറിൽ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു.
സ്‌ഫോടനങ്ങളിൽ ആളപായമുണ്ടോ എന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. അഫ്ഗാനിസ്ഥാൻ ഭീകരരെ സംരക്ഷിക്കുകയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ച് 48 മണിക്കൂറിനുള്ളിലാണ് ആക്രമണമുണ്ടായത്.
# ലക്ഷ്യം പാകിസ്ഥാനി താലിബാൻ
പാക് ആക്രമണം പാകിസ്ഥാനി താലിബാന്റെ (തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ
പാകിസ്ഥാനിലെ നിരവധി ആക്രമണങ്ങൾക്ക് ഉത്തരവാദിയാണ് പാകിസ്ഥാനി താലിബാൻ. അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് ഇവർ. അഫ്ഗാൻ ഇവർക്ക് അഭയം നൽകുന്നെന്നാണ് പാക് വാദം
30 പേർ കൊല്ലപ്പെട്ടെന്നും അടുത്തിടെ പാകിസ്ഥാന്റെ 11 സൈനികരെ വധിച്ചതിലുള്ള തിരിച്ചടിയാണിതെന്നും പ്രചരിക്കുന്നുണ്ട്
സ്ഫോടനങ്ങൾക്കിടെ വെടിവയ്പുണ്ടായെന്നും യുദ്ധ വിമാനങ്ങളുടെ ശബ്ദം കേട്ടെന്നും ദൃക്സാക്ഷികൾ
മെഹ്സൂദ് സുരക്ഷിതനാണെന്നും ഇയാൾ പാകിസ്ഥാനിലാണെന്നും സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ഇയാളുടെ ഒരു മകൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്