
ഓരോ ദിവസവും റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് സ്വര്‍ണവില. ചരിത്രത്തിലാദ്യമായി നമ്മുടെ നാട്ടില്‍ കഴിഞ്ഞ ദിവസം ഒരു പവന്റെ വില 90,000 രൂപ കടന്നിരുന്നു. വെള്ളിയാഴ്ച വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് കാര്യങ്ങള്‍ ഒട്ടും ആശ്വാസകരമല്ല. ജ്വല്ലറികളില്‍ പോയി ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ ഒരു ലക്ഷം രൂപയ്ക്കടുത്ത് നല്‍കേണ്ടി വരും.
വില കൂടുമ്പോഴും സ്വര്‍ണ വ്യാപാരം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്നുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഇന്ത്യന്‍ സംസ്‌കാരം അനുസരിച്ച് ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥാനമുണ്ട് സ്വര്‍ണത്തിന്. അതുപോലെ തന്നെ സ്വര്‍ണം ഒരു വ്യക്തിക്ക് സൂക്ഷിക്കാന്‍ കഴിയുന്ന അളവിലും ഇന്ത്യയിലെ ആദായനികുതി വകുപ്പ് കൃത്യമായ കണക്ക് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഒരാള്‍ക്ക് വാങ്ങാവുന്ന സ്വര്‍ണത്തിന്റെ അളവില്‍ പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ നല്‍കി വാങ്ങുന്ന സ്വര്‍ണത്തിന് പാന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകകള്‍ ഹാജരാക്കേണ്ടതുണ്ട്.
ഒരാള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സ്വര്‍ണത്തിന് ആദായനികുതി വകുപ്പ് പരിധി നിശ്ചിയിച്ചിട്ടുണ്ട്. അതു പ്രകാരം, വിവാഹിതരായ സ്ത്രീകള്‍ക്ക് രേഖകളില്ലാതെ 500 ഗ്രാം(അതായത് 62.5 പവന്‍) സ്വര്‍ണം വരെ കൈവശം സൂക്ഷിക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 100 ഗ്രാം വരെയും സ്വര്‍ണം കൈവശം വെക്കാമെന്നുമാണ് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ്. അതേസമയം, രസീതുകളോ മറ്റ് രേഖകളോ ഉണ്ടെങ്കില്‍ ഈ പരിധിയില്‍ കൂടുതല്‍ സ്വര്‍ണം ആളുകള്‍ക്ക് കൈവശം വെക്കാം.