
തിരുവനന്തപുരം: പേരാമ്പ്രയിൽ യു.ഡി.എപ്- സി.പി.എം പ്രകടനങ്ങൾക്കിടെയുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രതിഷേധം. വെള്ളിയാഴ്ച വൈകിട്ട് പേരാമ്പ്രയിൽ പൊലീസ് നടപടിക്കിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പലയിടത്തും പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാനറുകൾ പ്രവർത്തകർ കീറിയെറിഞ്ഞു. കണ്ണൂരിലും ആലപ്പുഴയിലും കൊച്ചിയിലുമെല്ലാം യുഡിഫ് പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
കോഴിക്കോട് നഗരത്തിലും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട്ട് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രകടനത്തിനിടെ എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ യാത്രയുടെ ഫ്ലക്സ് ബോർഡുകൾ തകർത്തു. മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. പരിക്കേറ്റ ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.