sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താനാണ് ഇപ്പോൾ നിർദേശം നൽകിയത്. കവർച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്താൻ നേരത്തെ എസ്ഐടി തീരുമാനിച്ചിരുന്നു. ഇതുകൂടാതെയാണ് പുതിയ വകുപ്പ് ചുമത്തുക.

അതേസമയം, ശബരിമലയിലെ സ്വർണക്കവർച്ചയിൽ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പമ്പയിലോ ആകും കേസെടുക്കുക. ദേവസ്വം കമ്മീഷണർ സുനിൽകുമാർ നൽകിയ പരാതിയിലാണ് കേസെടുക്കുക. ഉണ്ണികൃഷ്‌ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ പ്രതിചേർക്കും. വൈകാതെ തന്നെ ഇവരെ ചോദ്യംചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സംഘം കടക്കും.

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണത്തിൽ നിന്ന് 474 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഈ സ്വർണം എന്ത് ചെയ്തുവെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റിയും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തതെന്നാണ് വിവരം. ഏതെല്ലാം ഉദ്യോഗസ്ഥരാണ് പോറ്റിക്ക് സഹായം ചെയ്‌തുകൊടുത്തത് എന്ന കാര്യവും അന്വേഷിക്കും.

ആറാഴ്‌ചയ്‌ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്‌ടർ എസ് ശശിധരന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.

സ്വർണക്കൊള്ള നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പമ്പ പൊലീസ് സ്റ്റേഷനിൽ അഞ്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പരാതികൾ സംബന്ധിച്ച് പമ്പ പൊലീസ് റിപ്പാർട്ട് നൽകും.