
ഒറ്റപ്പാലം: ബസിനുള്ളിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ഒറ്റപ്പാലം പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഗുരുവായൂർ സ്വദേശിനിക്കുനേരെയായിരുന്നു ഈസ്റ്റ് ഒറ്റപ്പാലത്തുവച്ച് അതിക്രമം ഉണ്ടായത്.
കഴിഞ്ഞദിവസം രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ അടുത്തിരുന്ന കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. ഉടൻതന്നെ വിദ്യാർത്ഥിനി പൊലീസിന്റെ ഔദ്യോഗിക നമ്പരിൽ വിളിച്ച് പരാതി അറിയിച്ചു. തുടർന്നാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. പത്തിരിപ്പാലം സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.