uae

അബുദാബി: യുഎഇയിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നുവെന്നും ഇക്കാര്യം ഗൗരവപൂർവം നിരീക്ഷിച്ചുവരികയാണെന്നും യുഎഇ ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റി. വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച പകുതി വരെ രാജ്യത്തെ കാലാവസ്ഥയിൽ വലിയ വ്യതിയാനമുണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഇതിനായി മുൻകരുതലുകൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

'ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ ഏകോപനം നടത്തിവരികയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഏത് സംഭവവികാസങ്ങളെയും നേരിടാൻ പൂർണമായി തയ്യാറാണ്'- ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായതോ മിതമായതോ ആയ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിയാണ് കാലാവസ്ഥാ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ 10 മുതൽ ഒക്ടോബർ 14 ചൊവ്വാഴ്ച വരെ യുഎഇയിൽ തെക്ക് നിന്നുള്ള ഉപരിതല ന്യൂനമർദത്തിന്റെ വികാസമുണ്ടാകുമെന്ന് യുഎഇ നാഷണൽ സെന്റർ ഒഫ് മെറ്റീരിയോളജി (എൻ‌സി‌എം) നേരത്തെ അറിയിച്ചിരുന്നു. ഇക്കാരത്താൽ താരതമ്യേന തണുത്തതും ഈർപ്പമുള്ളതുമായ വായുവിനൊപ്പം ഉയർന്ന അളവിൽ ന്യൂനമർദവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയരത്തിനനുസരിച്ച് ശക്തിപ്പെടുന്ന താഴ്ന്ന മർദ്ദ സംവിധാനങ്ങളാണ് ഉയർന്ന അളവിലെ ന്യൂനമർദങ്ങൾ എന്നും കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി.

ഇത്തരം ന്യൂനമർദ്ദങ്ങൾ ഇരുണ്ട മേഘാവൃതമായ കാലാവസ്ഥയുമായും മഴയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത് കടൽ പ്രക്ഷുബ്ധമാകുന്നതിനും ഉയർന്ന തിരമാലകൾക്കും, തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമാകുമെന്നും എൻ‌സി‌എം ചൂണ്ടിക്കാട്ടിയിരുന്നു.