
സേവനകാലത്ത് സമയപരിധിയില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനുള്ള പ്രതിഫലമായി, വിരമിച്ച പോലീസുകാർക്ക് സർ ക്കാർ കനിഞ്ഞുനൽകിയത് ഗുരുതരമായ രോഗങ്ങളാണ്. ഇങ്ങനെ സർക്കാരിന്റെ അനാസ്ഥകൊണ്ടു മാത്രം അവശത അനുഭവിക്കേണ്ടിവരുന്നവർക്ക് സംരക്ഷണമേകാൻ നിയമമുണ്ടെങ്കിലും ആ ധാർമ്മിക ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറി, അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ കവർന്നെടുക്കകയാണ് സർക്കാർ ചെയ്യുന്നത്. ഇങ്ങനെ കവർന്നെടുക്കുന്ന ആനുകൂല്യങ്ങൾ അധികാര കേന്ദ്രങ്ങളിലിരുന്ന് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചില ഉദ്യോഗസ്ഥർ, പോലീസ് സേനയിൽ നിന്ന് മറ്റ് വകുപ്പുകളിലേക്കു മാറി തങ്ങളുടെ സഹപ്രവർത്തകരായി എത്തിയ ഇഷ്ടക്കാർക്ക് രഹസ്യമായി അനുവദിച്ചു നൽകുകയാണ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട ആ സർക്കാർ ഉത്തരവ് (9448/എ 4/2013/ഹോം) കണ്ടപ്പോൾ പൊലീസിൽ നിന്ന് വിരമിച്ച
വയോധികർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോവുകയായിരുന്നു
മുപ്പതും മുപ്പത്തഞ്ചും വർഷക്കാലം വിശ്രമം എന്തെന്നറിയാതെ കഷ്ടപ്പാടുകൾ സ ഹിച്ച് സേവനം അനുഷ്ഠിച്ചവർക്കുള്ള അനുകൂല്യങ്ങളാണ് അനുകൂലമായ കോടതി വിധികളുണ്ടായിട്ടും, അവർക്ക് നിഷേധിക്കുകയും, സെക്രട്ടേറിയറ്റ് ഉൾപ്പെടെ താരതമ്യേന റിസ്ക് കുറഞ്ഞ വകുപ്പുകളിലേക്ക് മാറ്റം വാങ്ങിയവർക്ക് അനുവദിക്കുകയും ചെയ്തിരിക്കുന്നത്. പണ്ടൊരിക്കൽ പരിശീലനം നേടി എന്നതിന്റെ പേരിൽ മാത്രം ഈ സിവിൽ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് തങ്ങളുടെ പെൻഷനു കൂടി ബാധകമാകുന്ന വിധത്തിൽ ആ പരിശീലനകാലം കൂടി സർവീസ് ആയി അനുവദിച്ചുകൊടുക്കുന്നത്? അതിന്റെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമവകുപ്പിലെ ഏതെങ്കിലും സത്യസന്ധരായ ഉദ്യോഗസ്ഥർ ഇനിയെങ്കിലും പരിശോധിക്കണമെന്നാണ് വിരമിച്ച പോലീസുകാരുടെ ആവശ്യം.
ഊരൂട്ടമ്പലം പ്രഭാകരൻ
പോലീസ് പെൻഷനേഴ്സ്
അസോസിയേഷൻ
തിരു. ജില്ലാ മുൻ പ്രസിഡന്റ്