police

സേവനകാലത്ത് സമയപരിധിയില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനുള്ള പ്രതിഫലമായി,​ വിരമിച്ച പോലീസുകാർക്ക് സർ ക്കാർ കനിഞ്ഞുനൽകിയത് ഗുരുതരമായ രോഗങ്ങളാണ്. ഇങ്ങനെ സർക്കാരിന്റെ അനാസ്ഥകൊണ്ടു മാത്രം അവശത അനുഭവിക്കേണ്ടിവരുന്നവർക്ക് സംരക്ഷണമേകാൻ നിയമമുണ്ടെങ്കിലും ആ ധാർമ്മിക ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറി,​ അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ കവർന്നെടുക്കകയാണ് സർക്കാർ ചെയ്യുന്നത്. ഇങ്ങനെ കവർന്നെടുക്കുന്ന ആനുകൂല്യങ്ങൾ അധികാര കേന്ദ്രങ്ങളിലിരുന്ന് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചില ഉദ്യോഗസ്ഥർ,​ പോലീസ് സേനയിൽ നിന്ന് മറ്റ് വകുപ്പുകളിലേക്കു മാറി തങ്ങളുടെ സഹപ്രവർത്തകരായി എത്തിയ ഇഷ്ടക്കാർക്ക് രഹസ്യമായി അനുവദിച്ചു നൽകുകയാണ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട ആ സർക്കാർ ഉത്തരവ് (9448/എ 4/2013/ഹോം) കണ്ടപ്പോൾ പൊലീസിൽ നിന്ന് വിരമിച്ച

വയോധികർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോവുകയായിരുന്നു. നിലവിൽ പൊലീസുമായി യാതൊരു ബന്ധവുമില്ലാത്തവർക്കാണ്, വിരമിച്ച പോലീസുകാർക്കു നിഷേധിച്ച ആനുകൂല്യങ്ങൾ പണ്ട് സേനയിൽ പരിശീലനം നേടിയെന്ന ഒറ്റക്കാരണം പറഞ്ഞ് നൽകിയിരിക്കുന്നത്! ചികിത്സയ്ക്കു പോലും പണമില്ലാതെ വിഷമിക്കുന്നതിനിടയിലും ഈ അനുകൂല്യങ്ങൾ അനുവദിച്ചു കിട്ടുന്നതിനായി കോടതി കയറിയിറങ്ങിയവരോട് ഇതിൽപ്പരമൊരു ക്രൂരത കാട്ടാനുണ്ടോ?​

മുപ്പതും മുപ്പത്തഞ്ചും വർഷക്കാലം വിശ്രമം എന്തെന്നറിയാതെ കഷ്ടപ്പാടുകൾ സ ഹിച്ച് സേവനം അനുഷ്ഠിച്ചവർക്കുള്ള അനുകൂല്യങ്ങളാണ് അനുകൂലമായ കോടതി വിധികളുണ്ടായിട്ടും,​ അവർക്ക് നിഷേധിക്കുകയും,​ സെക്രട്ടേറിയറ്റ് ഉൾപ്പെടെ താരതമ്യേന റിസ്ക് കുറഞ്ഞ വകുപ്പുകളിലേക്ക് മാറ്റം വാങ്ങിയവർക്ക് അനുവദിക്കുകയും ചെയ്തിരിക്കുന്നത്. പണ്ടൊരിക്കൽ പരിശീലനം നേടി എന്നതിന്റെ പേരിൽ മാത്രം ഈ സിവിൽ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് തങ്ങളുടെ പെൻഷനു കൂടി ബാധകമാകുന്ന വിധത്തിൽ ആ പരിശീലനകാലം കൂടി സർവീസ് ആയി അനുവദിച്ചുകൊടുക്കുന്നത്?​ അതിന്റെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമവകുപ്പിലെ ഏതെങ്കിലും സത്യസന്ധരായ ഉദ്യോഗസ്ഥർ ഇനിയെങ്കിലും പരിശോധിക്കണമെന്നാണ് വിരമിച്ച പോലീസുകാരുടെ ആവശ്യം.

ഊരൂട്ടമ്പലം പ്രഭാകരൻ

പോലീസ് പെൻഷനേഴ്സ്

അസോസിയേഷൻ

തിരു. ജില്ലാ മുൻ പ്രസിഡന്റ്