
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ ക്രെെംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കെെമാറും. ക്രെെംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണസംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രെെംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെടെ കേസിൽ പത്ത് പേർ പ്രതികളാണ്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാനാണ് സാദ്ധ്യത.
2019ൽ ദ്വാരപാലക ശില്പങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചുവെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഈ സ്വർണം എന്ത് ചെയ്തുവെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റിയും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തതെന്നാണ് വിവരം. ഏതെല്ലാം ഉദ്യോഗസ്ഥരാണ് പോറ്റിക്ക് സഹായം ചെയ്‌തുകൊടുത്തത് എന്ന കാര്യവും അന്വേഷിക്കും. ആറാഴ്‌ചയ്‌ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.
അതേസമയം, കാണാതായ സ്വർണത്തിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരം. ദേവസ്വം വിജിലൻസിന്റെ അന്തിമറിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണം അഥവാ 124 പവൻ ആണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ദണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്.