1

ഒറ്റ ദിവസത്തെ നഷ്‌ടം 1.7 ലക്ഷം കോടി രൂപ

കൊച്ചി: ചൈനയ്ക്കെതിരെ ഡൊണാൾഡ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള ക്രിപ്‌റ്റോ നാണയ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. നിർണായക സോഫ്‌റ്റ്‌വെയറുകളുടെ കയറ്റുമതിയിൽ ട്രംപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിക്ഷേപകരെ മുൾമുനയിലാക്കി. ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ പ്രമുഖ ക്രിപ്‌റ്റോ നാണയങ്ങളുടെ മൂല്യത്തിൽ 1,900 കോടി ഡോളറിന്റെ(1.7 ലക്ഷം കോടി രൂപ) ഇടിവാണുണ്ടായത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ ഇടിവ് ക്രിപ്‌റ്റോ കറൻസികളുടെ മൂല്യത്തിൽ ഒരു ദിവസമുണ്ടാകുന്നത്. 16 ലക്ഷം ക്രിപ്‌റ്റോ ഇടപാടുകാരെ കണ്ണീരിലാഴ്‌ത്തിയാണ് വിപണി മൂക്കുകുത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. വെള്ളിയാഴ്‌ച ബിറ്റ്‌കോയിനിന്റെ മൂല്യം 12 ശതമാനം ഇടിഞ്ഞ് 1.13 ലക്ഷം ഡോളറായി. വിൽപ്പന സമ്മർദ്ദം രൂക്ഷമായതോടെ ആഗോള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനത്തിൽ വെള്ളിയാഴ്ച തടസം നേരിട്ടു.

അടിതെറ്റി ക്രിപ്‌റ്റോകൾ

നാണയം : നഷ്‌ടം

ബിറ്റ്കോയിൻ 47,000 കോടി രൂപ

ഇതേറിയം 39,000 കോടി രൂപ

സൊലാന 17,800 കോടി രൂപ

അവസരം മുതലാക്കി ഇന്ത്യൻ നിക്ഷേപകർ

ക്രിപ്‌റ്റോ വിപണിയിലെ തകർച്ച മുതലെടുക്കാൻ ഇന്ത്യൻ നിക്ഷേപകർ ആവേശത്തോടെ രംഗത്തെത്തി. ബിറ്റ്‌കോയിൻ, ഇതേറിയം, സൊലാന എന്നിവയുടെ വിലയിലെ ഇടിവ് കണക്കിലെടുത്ത് വലിയ തോതിൽക്രിപ്‌റ്റോ കറൻസികൾ ഇന്ത്യൻ ഉപഭോക്താക്കൾ വാങ്ങികൂട്ടി. രാജ്യത്തെ പ്രമുഖ എക്‌സ്‌ചേഞ്ചുകളായ കോയിൻസ്വിച്ച്, കോയിൻ ഡി.സി.എക്‌സ്, മുഡ്രക്‌സ് എന്നിവയിൽ വാങ്ങൽ കരാറുകളുടെ എണ്ണം കുത്തനെ ഉയർന്നു.

പ്രതിസന്ധി

നവംബർ ഒന്ന് മുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് അമേരിക്കൻ ഓഹരി വിപണിയിലും ക്രിപ്‌റ്റോ കറൻസികളിലും കനത്ത തകർച്ച സൃഷ്‌ടിച്ചത്. ആഗോള തലത്തിൽ വ്യാപാര യുദ്ധം ശക്തമാകുമെന്ന സൂചനയാണ് പുതിയ നീക്കം നൽകുന്നത്.