abudhabi-
അബുദാബി ശക്തി അവാർഡ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിൽ നിന്ന് കെ.വി. സുധാകരൻ ഏറ്റുവാങ്ങുന്നു

പട്ടാമ്പി: അബുദാബി മലയാളി സംഘടനയുടെ ശക്തി അവാർഡ് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിതരണം ചെയ്തു. ചടങ്ങിൽ അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ അദ്ധ്യക്ഷനായി. അവാർഡ് കമ്മറ്റി അംഗം എൻ.പ്രഭാവർമ്മ അവാർഡ് കൃതികൾ പരിചയപ്പെടുത്തി. മുഖ്യ രക്ഷാധികാരി ഇ.എൻ. സുരേഷ് ബാബു, എം.എൽ.എമാരായ മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ. സി.പി. ചിത്രഭാനു , എം.എ.നാസർ, രാജീവ്, മനോജ് തുടങ്ങിയവർ സംസാരിച്ചു.


ഈ വർഷത്തെ ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരം സമഗ്രസംഭാവനക്ക് ഡോ. എ.കെ. നമ്പ്യാർക്കും, ശക്തി തായാട്ട് പുരസ്‌കാരം ഡോ. ടി.കെ. സന്തോഷ് കുമാറിനും, വിജ്ഞാന സാഹിത്യ വിഭാഗത്തിൽ, എം.ജയരാജ്, എ.കെ. പീതാംബരൻ എന്നിവർക്കും, കഥ വിഭാഗത്തിൽ എം. മഞ്ജുവിനും , ശക്തി എരുമേലി പുരസ്‌കാരം കെ.എസ്. രവികുമാർ, കെ.വി.സുധാകരൻ, ബാലസാഹിത്യ വിഭാഗത്തിൽ ജി. ശ്രീകണ്ഠൻ, പായിപ്ര രാധാകൃഷ്ണൻ, നാടകത്തിൽ അനിൽകുമാർ ആലത്തുപറമ്പ്, റഫീഖ് മംഗലശ്ശേരി, നോവൽ വിഭാഗത്തിൽ എസ്. മഹാദേവൻ തമ്പി, അംബികാസുതൻ മങ്ങാട്, കവിതക്ക് എം.ഡി. രാജേന്ദ്രൻ, പ്രത്യേക പുരസ്‌കാരത്തിന് എം.വി. ജനാർദ്ദനൻ, കെ.ആർ.അജയൻ, ഗിരിജ പ്രദീപ് എന്നിവർ ഏറ്റുവാങ്ങി.

shakthi-
അബുദാബി ശക്തി അവാർഡ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിൽ നിന്ന് എസ്. മഹാദേവൻ തമ്പി ഏറ്റുവാങ്ങുന്നു

അബുദാബിയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയതാണ് അബുദാബി ശക്തി അവാർഡുകൾ. ശക്തി തിയറ്റേഴ്സും തായാട്ട് ശങ്കരന്റെ സഹധർമ്മിണി പ്രൊഫ. ഹൈമവതി തായാട്ടും സംയുക്തമായി നിരൂപണ സാഹിത്യത്തിന് ഏർപ്പെടുത്തിയതാണ് ശക്തി തായാട്ട് ശങ്കരൻ പുരസ്‌കാരം.

കവിത, നോവൽ, ചെറുകഥ,വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ സാഹിത്യ ശാഖകളിലുള്ള കൃതികൾക്ക് അബുദാബി ശക്തി അവാർഡുകളും ഇതരസാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്ക് ശക്തി എരുമേലി പമേശ്വരൻ പിള്ള പുരസ്‌കാരവും നൽകുന്നു.അബുദാബി ശക്തി അവാർഡ് കമ്മറ്റി രൂപവത്കരിച്ചത് മുതൽ 2006 വരെ അവാർഡ് കമ്മറ്റി ചെയർമാനും മന്ത്രിയും സാംസ്‌കാരിക നായകനുമായിരുന്ന ടി.കെ. രാമകൃഷ്ണന്റെ സ്മരണയ്ക്കായി സാംസ്‌കാരിക വൈജ്ഞാനിക സേവന രംഗങ്ങളില മികവ് തെളിയിച്ച വ്യക്തികൾക്ക് നൽകുന്നതാണ് ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്‌കാരം.