
മാനസികാരോഗ്യത്തെ കുറിച്ച് വിവാദ പരമാർശം നടത്തിയ നടി കൃഷ്ണപ്രഭയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. പണിയൊന്നുമില്ലാത്തവർക്ക് വരുന്ന ഒന്നാണ് ഡിപ്രഷൻ എന്നാണ് പൊട്ടിചിരിച്ച് കൃഷ്ണപ്രഭ അഭിമുഖത്തിൽ പറയുന്നത്. ആളുകൾക്ക് ഡിപ്രഷൻ, മൂഡ് സ്വിംഗ്സ് എന്നൊക്കെ പറയുമെങ്കിലും പഴയ വട്ട് തന്നെയാണ് അതെന്നും ഇപ്പോൾ അത് വിവിധ പേരുകളാണെന്നും കൃഷ്ണപ്രഭ പറയുന്നു.
പിന്നാലെ ഇതിനെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നടി സാനിയ അയ്യപ്പൻ അടക്കം പ്രതികരണവുമായി രംഗത്തെത്തി. കൃഷ്ണപ്രഭയെ വിമർശിച്ച് ഒരു സെെക്കോളജിസ്റ്റ് പങ്കുവച്ച വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്താണ് സാനിയ പ്രതികരിച്ചത്. മാനസികാരോഗ്യ വിഷയങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കൃഷ്ണ പ്രഭയുടെ ഈ പരാമർശം തികച്ചും അപക്വവും വേദനാജനകവുമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.
'ആരാന്റെമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് അല്ലേ? പൊതുവായിട്ടുള്ള ഒരു ധാരണയാണ് മടിപിടിച്ചിരിക്കുന്നത് കാരണം, വെറൊന്നും ചെയ്യാൻ ഇല്ലാത്തത് കാരണം, ഒരുപാട് ഫ്രീടെെം ഉള്ളത് കാരണം കൊണ്ടാണ് ഡിപ്രഷൻ, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് ഒക്കെ വരുന്നതെന്ന്. പക്ഷേ ഇതുകൊണ്ട് മാത്രമല്ല, മാനസിക രോഗങ്ങൾ വരുന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കും, ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കും, ചിലപ്പോൾ കുടുംബ സംബന്ധമായത് ആയിരിക്കും, ചിലപ്പോൾ ജെെവികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ ആയിരിക്കും. ഇതിനൊക്കെ കാരണങ്ങൾ. ഇതൊന്നും അറിയാൻ പാടില്ലെങ്കിൽ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുക. ഇതൊന്നും ചിരിച്ചുതള്ളാനുള്ള കാര്യങ്ങളല്ല. ബാക്കി ഉല്ളവർക്ക് വരുമ്പോഴേ നമുക്ക് ചിരിച്ചുതള്ളാൻ പറ്രൂ, നമ്മൾ ആ പ്രശ്നങ്ങൾ നേരിടുമ്പോൾ മാത്രമേ നമുക്ക് അത് മനസിലാകൂ. അതുകൊണ്ട് മാനസിക പ്രശ്നങ്ങളെക്കുരിച്ച് സംസാരിക്കുന്നതിന് മുൻപ് ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കുക'- സാനിയ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
'ഇപ്പോൾ ഉള്ള ആൾക്കാർ പറയുന്നത് കേൾക്കാം. അവർ ഓവർ തിങ്കിംഗ് ആണ്. ഡിപ്രഷൻ വരുന്നു എന്നൊക്കെ. ഇങ്ങനെ പല പുതിയ വാക്കുകളും വരുന്നുണ്ട്. ഞങ്ങൾ കളിയാക്കി പറയും, പണ്ടെത്തെ വട്ട് തന്നെ. ഇപ്പോൾ ഡിപ്രഷൻ എന്നൊക്കെ പുതിയ പേരിട്ട് വിളിക്കുന്നുവെന്നേ ഉള്ളൂ. ഇതൊക്കെ വരാന കാരണം എന്താണെന്ന് അറിയാമോ, പണിഒന്നും ഇല്ലാത്തതുകൊണ്ടാണ്'- കൃഷ്ണപ്രഭ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ചിലർ റീച്ചിന് വേണ്ടി തന്റെ വീഡിയോ കീറിമുറിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും പറഞ് കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും കൃഷ്ണ പ്രിയ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ എല്ലാം ആളുകൾ മനസിലാക്കിയിട്ടില്ല. ഇപ്പോൾ ഈ കോലാഹലം ഉണ്ടാക്കുന്നവർ അഭിമുഖം അഭിമുഖം മുഴുവൻ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.