നടൻ മോഹൻലാലുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിലാണ് 'മലൈക്കോട്ടൈ വാലിബൻ' നിർമിച്ചതെന്ന് ആർഎസ്‌പി നേതാവും മുൻമന്ത്രി കൂടിയുമായ ഷിബു ബേബി ജോൺ. ഇപ്പോൾ സിനിമാനിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ യാത്രാനുഭവങ്ങൾ കൗമുദി ടിവിയിലെ സ്ട്രെയ്‌റ്റ് ലൈൻ എന്ന അഭിമുഖ പരിപാടിയിലൂടെ പങ്കുവയ്ക്കുകയായിരുന്നു ഷിബു ബേബി ജോൺ.

shibu-

'ഒരു കാലഘട്ടത്തിൽ ഞാനും മോഹൻലാലും ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തിരുന്നു. ഞങ്ങളൊരുമിച്ച് പല രാജ്യങ്ങളിലും പോയിരുന്നു. അദ്ദേഹം ഭക്ഷണം ആസ്വദിച്ചാണ് കഴിക്കുന്നത്. ഓരോ രാജ്യങ്ങളിലെയും സംസ്‌കാരത്തെക്കുറിച്ചറിയാൻ മോഹൻലാൽ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഒരുപരിപാടിക്കുശേഷം ഞങ്ങളൊരുമിച്ച് ഗ്രീസിലും നെതർലാൻഡിലും സ്‌പെയിനിലും പോയി. ഒരുമിച്ചുളള യാത്ര അതിമനോഹരമായിരുന്നു'- അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്തതിന്റെ അനുഭവങ്ങളും ഷിബു ബേബി ജോൺ പങ്കുവച്ചു. 'റഷ്യയിൽ പഴയ കമ്യൂണിസ്​റ്റ് നേതാക്കൻമാരെ അടക്കിയ സ്ഥലങ്ങളുണ്ട്. അവിടെയും സന്ദർശനം നടത്തിയിരുന്നു. ജോസഫ് സ്​റ്റാലിനെ അടക്കിയ സ്ഥലത്ത് ഞാൻ പോയി. അദ്ദേഹത്തിന്റെ ശവകുടീരത്തിനുമുകളിൽ ആരോ ഒരു പുഷ്പം സമർപ്പിച്ചിരിക്കുന്നത് കണ്ടു. എന്നോടൊപ്പം ഒരു ഗൈയ്ഡും ഉണ്ടായിരുന്നു. സ്​റ്റാലിൻ റഷ്യയിലെ മികച്ച ഭരണാധികാരിയായിരുന്നുവെന്നാണ് അയാൾ പറഞ്ഞത്. അതിനുശേഷം സെന്റ്പീ​റ്റേഴ്സ്ബർഗിൽ പോയി. അവിടെ വച്ച് ഒരു മദ്ധ്യവയസ്‌കയെ കണ്ടു. കമ്യൂണിസ്​റ്റ് ഭരണത്തിന്റെ തിക്തഫലം നേരിട്ട സ്ത്രീയായിരുന്നു അവർ. അവർ പാർട്ടിയെ അത്രയും വെറുത്തിരുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.

ബാറുകൾ തുറക്കണമെന്ന സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചപ്പോൾ യുഡിഎഫിൽ നിന്ന് തനിക്ക് രൂക്ഷവിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ് എല്ലാ മാസവും ഒന്നാം തീയതികളിൽ ഡ്രൈ ഡേ ആചരിക്കാൻ തുടങ്ങിയത്. ഇപ്പോഴും അത് തുടരുകയാണ്. അന്നത്തെ സാഹചര്യമനുസരിച്ചാണ് ഡ്രൈ ഡേ ആചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ കേരളത്തിന്റെ അവസ്ഥ ഒരുപാട് മാറി. കേരളത്തിലിപ്പോൾ മയക്കുമരുന്നാണ് ഒഴുകുന്നത്. ബാറുകൾ തുറക്കണമെന്ന് സർക്കാർ പറഞ്ഞപ്പോൾ യുഡിഎഫ് നേതാവായി ഇരുന്നിട്ടുപോലും അതിനെ സ്വാഗതം ചെയ്ത വ്യക്തിയാണ് ഞാൻ. അതിനെനിക്ക് നിറയെ വിമർശനം ലഭിച്ചു. എന്റെ നിലപാടിൽ മാ​റ്റമുണ്ടാകില്ലെന്ന് ഞാൻ പാർട്ടിയെ അറിയിച്ചതാണ്. ഒന്നാം തീയതികളിൽ ഡ്രൈ ഡേ ഒഴിവാക്കണം. ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല'- ഷിബു ബേബി ജോൺ പറഞ്ഞു.