
തിരുവനന്തപുരം: സ്വര്‍ണ വില ഒരു ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം ആദ്യം 56,000 ആയിരുന്നു ഒരു പവന് വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 15,000 രൂപയോളം വര്‍ദ്ധിച്ചിട്ടുണ്ട്. ഒരുവശത്ത് വില കൂടുമ്പോഴും സുരക്ഷിത നിക്ഷേപമെന്ന നിലയിലും വില ഇനിയും കൂടുമെന്ന ധാരണയിലും സ്വര്‍ണം വാങ്ങി കൂട്ടുന്നവര്‍ നിരവധിയാണ്. മറുവശത്ത് രണ്ട് മാസം മുമ്പ് വാങ്ങി ഇപ്പോള്‍ ഒരു പവന് 14,000 രൂപ വരെ കൂടിയത് ലാഭമായി കണ്ട് വില്‍പ്പന നടത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ കോളടിച്ചത് യഥാര്‍ത്ഥത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കാണ്. സ്വര്‍ണം നിക്ഷേപമെന്ന നിലയ്ക്ക് വാങ്ങിയിരുന്നവരെ ആശങ്കപ്പെടുത്തുന്നത് ദീര്‍ഘകാലം വിലയിലെ ട്രെന്‍ഡ് ഇതുപോലെ തുടരുമോയെന്നതാണ്. കൂടിയത് പോലെ വില താഴേക്ക് വന്നാല്‍ അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ നഷ്ടമാകും. അതുകൊണ്ട് തന്നെ സ്വര്‍ണത്തിന് പകരം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതലായി നിക്ഷേപം എത്തുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
കൈവശമുള്ള സ്വര്‍ണം വിറ്റും ഭൂമി വാങ്ങുന്നവരും നിരവധിയാണ്. സ്വര്‍ണം സൂക്ഷിക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക വില കൂടിയ സാഹചര്യത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിറ്റ് ഒഴിവാക്കിയ ശേഷം ഭൂമിയായിട്ടും കടമുറികളായിട്ടും നിക്ഷേപം മാറ്റിയത് നിരവധിപേരാണ്. കൂടുതല്‍ ആളുകള്‍ക്കും താത്പര്യം ഭൂമി വാങ്ങിയിടുന്നതിലാണ്. മറിച്ച് വില്‍ക്കുമ്പോള്‍ ഉറപ്പായും വില കൂടുതല്‍ കിട്ടുമെന്നത് തന്നെയാണ് ഭൂമിയിലെ നിക്ഷേപത്തിന് പ്രിയം കൂടുന്നതിന് കാരണം.
സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം കൂടുന്നു
സ്വര്‍ണം വിറ്റ് ഒഴിവാക്കുന്നവരുടെ എണ്ണം വലിയതോതില്‍ കൂടുന്നുണ്ട്. ഇപ്പോള്‍ വില ഇത്രയും ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ വിറ്റാല്‍ കിട്ടുന്ന പണം കാലങ്ങളായി നിറവേറ്റാന്‍ കഴിയാതെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന് കരുതുന്നവരാണ് വില്‍ക്കുന്നതില്‍ കൂടുതലും. സ്വര്‍ണം വില്‍പ്പന നടത്തി കിട്ടുന്ന പണം കൊണ്ട് വായ്പയെടുക്കാതെ വീട് നിര്‍മിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. 50 പവന്‍ സ്വര്‍ണം വിറ്റാല്‍ അതില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് ശരാശരിക്ക് മുകളില്‍ ഉള്ള ഒരു വീട് പണിയാനോ വാങ്ങാനോ കഴിയും. ബാങ്ക് വായ്പയും കാലങ്ങള്‍ നീണ്ട് നില്‍ക്കുന്ന ഇഎംഐയും ഇല്ല എന്നതും അനുകൂല സാഹചര്യമായി സ്വര്‍ണം വില്‍ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.
ജിഎസ്ടി 2.0 യും തുണയ്ക്കും
ഭവന നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങളുടെ ഉള്‍പ്പെടെ വിലക്കുറവിലേക്കാണ് ജിഎസ്ടി 2.0 കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. അതും സ്വര്‍ണം വിറ്റ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിനും ഭവന, കെട്ടിട നിര്‍മാണ മേഖലയിലേക്കും കടക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നത്.
വില്‍ക്കാന്‍ പലതുണ്ട് കാരണം
അതിവേഗം വില കുറയുമോയെന്ന ആശങ്ക
വിലകുറഞ്ഞപ്പോള്‍ വാങ്ങിയത് കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നവര്‍
ഭൂമിക്കും വീടിനും വിലകുറഞ്ഞതോടെ സ്വര്‍ണം വിറ്റ് വാങ്ങുന്നു
വില്‍ക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് 30 ശതമാനം
'' ഒരു വര്‍ഷം പവന് നാലായിരം രൂപയുടെ വ്യത്യാസമുണ്ട്. പഴയ സ്വര്‍ണം വിറ്റ് അത്യാവശ്യകാര്യങ്ങളോ ദീര്‍ഘനിക്ഷേപമോ നടത്തുന്നവരാണ് ഏറെയും. - അരുണ്‍ മാര്‍ക്കോസ്, മരിയ ഗോള്‍ഡ്