crime

തിരുവനന്തപുരം: മകന്റെ തലയ്ക്ക് കമ്പിപ്പാര കൊണ്ടു അടിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂരില്‍ ആണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകന്‍ ഹൃത്വിക്ക് (22) പിതാവിന്റെ മര്‍ദ്ദനമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

ഒരു ആഡംബര കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മില്‍ വീട്ടില്‍ തര്‍ക്കമുണ്ടായതാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് 17 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മകന് വിജയാനന്ദന്‍ വാങ്ങി നല്‍കിയത്. ഇതിലാണ് ഇപ്പോള്‍ മകന്‍ സഞ്ചരിച്ചിരുന്നത്. തനിക്ക് ഒരു കാര്‍ വേണമെന്ന ആവശ്യം മകന്‍ വീട്ടില്‍ ഉന്നയിക്കുകയായിരുന്നു. ഇപ്പോള്‍ ആഡംബര കാര്‍ വാങ്ങാനുള്ള സാമ്പത്തികമില്ലെന്ന് പിതാവ് പറഞ്ഞതോടെ ഉന്തും തള്ളുമാകുകയായിരുന്നു.

കാര്‍ വാങ്ങാന്‍ പറ്റില്ലെന്ന് പിതാവ് തറപ്പിച്ച് പറഞ്ഞതോടെ യുവാവ് മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ കയ്യില്‍ കിട്ടിയ കമ്പിപ്പാരയെടുത്ത് ഹൃത്വിക്കിന്റെ തലയില്‍ പിതാവ് അടിക്കുകയായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് യുവാവ് ഇപ്പോഴും. വിജയാനന്ദന്റെ ഏക മകനാണ് ഹൃത്വിക്.