
കോഴിക്കോട്: അമോണിയ, ഫോര്‍മാലിന്‍ രാസവസ്തുക്കള്‍ ചേര്‍ത്തും ഐസിലിടാതെയും മത്സ്യവില്‍പ്പന തകൃതി. ഭൂരിഭാഗം മാര്‍ക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യങ്ങള്‍ വില്‍ക്കുമ്പോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധകള്‍ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്.വിപണികളിലെത്തുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും പഴകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമാണ്. ഫോമാലിന്‍, അമോണിയ തുടങ്ങിയവയാണ് പ്രധാനമായും ചേര്‍ക്കുന്നത്. ഇതിന്റെ വീര്യം കൂടുന്നതിന് അനുസരിച്ച് മത്സ്യം കൂടുതല്‍ നാളുകള്‍ കേടാകാതെ സൂക്ഷിക്കാനാകും.
ഐസില്ലേ....
ഉള്‍ക്കടലില്‍ നിന്ന് പിടിച്ച മത്സ്യം ഹാര്‍ബറുകളിലേക്കും പിന്നീട് നാട്ടിന്‍പുറങ്ങളിലും എത്തിമ്പോഴേക്കും മണിക്കൂറുകള്‍ പിന്നിടും. ഇങ്ങനെ പിന്നിട്ട മത്സ്യം ഐസ് ഇടാതെ സൂക്ഷിക്കുമ്പോള്‍ അവ വേഗത്തില്‍ ചീഞ്ഞു പോകുകയും ചെയ്യുന്നു. ചിലര്‍ മത്സ്യത്തില്‍ ഐസുകള്‍ക്കൊപ്പം അമോണിയ വിതറി പെട്ടിയിലാക്കുന്നുണ്ട്. ഇവ മൊത്തവിതരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് ചില്ലറ വില്‍പനകേന്ദ്രങ്ങളിലേക്കും എത്തുന്ന മത്സ്യത്തിലേക്ക് വീണ്ടും രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. ഇങ്ങനെ രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യം ഐസില്‍ സൂക്ഷിച്ചില്ലെങ്കിലുംപുറംതോട് ചീയാതെ ഫ്രഷായിരിക്കും. ഒരു കിലോ മത്സ്യം കേടുവരാതെ സൂക്ഷിക്കാന്‍ ഒരു കിലോ ഐസ് വേണം. എന്നാല്‍ പലപ്പോഴും കുറഞ്ഞ അളവ് ഐസില്‍ കൂടുതല്‍ മത്സ്യം സൂക്ഷിക്കുന്ന സ്ഥിതിയാണ്. മാര്‍ക്കറ്റില്‍ നിന്ന് ചെറുകിട വ്യാപാരികളിലേക്ക് മത്സ്യം എത്തുമ്പോഴാണ് ഐസ് ഇടാതെ വില്‍പ്പന നടത്തുന്നത്. ഇത്തരം കേടായ മത്സ്യങ്ങള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.
പരിശോധന പേരിന്
ദിവസവും മൊത്തകച്ചവട മാര്‍ക്കറ്റിലും ചെറുകിടമാര്‍ക്കറ്റുകളിലും വിഷം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 6 മാസത്തിലോ, 3 മാസത്തില്‍ ഒരിക്കലോ മാത്രമാണ് പരിശോധന നടക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കൃത്യമായ പരിശോധന നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
നല്ല മത്സ്യം അറിയാം
സ്വാഭാവികമായ തിളക്കമുണ്ടാകും
ദുര്‍ഗന്ധം ഉണ്ടാവില്ല
മീനിന്റെ കണ്ണുകള്‍ നിറവ്യത്യസമില്ലാത്ത തിളങ്ങുന്നവ ആയിരിക്കും
മാംസത്തിന് ഉറപ്പുണ്ടാകും (ചെറുതായി അമര്‍ത്തുമ്പോള്‍ കുഴിഞ്ഞ് പോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീഞ്ഞ മത്സ്യമാണ്)
ഫ്രഷ് മത്സ്യത്തിന്റെ ചെകിളപൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമായിരിക്കും. പഴകിയവയുടേത് തവിട്ട് നിറത്തിലോ ഇരുണ്ട നിറത്തിലോ ആയിരിക്കും