neduvathur-accident

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയായിരുന്നു സംഭവം. 80 അടി താഴ്‌ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞുവീണാണ് അപകടം. കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശി അർച്ചന (33), സുഹൃത്ത് ശിവകൃഷ്‌ണൻ (22), രക്ഷിക്കാനെത്തിയ കൊട്ടാരക്കരയിലെ അഗ്നിരക്ഷാ യൂണിറ്റ് അംഗം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ (36) എന്നിവരാണ് മരിച്ചത്.

സംഭവം ഇങ്ങനെ: 80 അടി താഴ്‌ചയുള്ള കിണറ്റിലേക്ക് അർച്ചന ചാടിയ വിവരം അറിയിച്ച് പുലർച്ചെ 12.15ഓടെ കൊട്ടാരക്കര ഫയർഫോഴ്‌സിന് കാൾ വന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തുമ്പോൾ അർച്ചനയുടെ രണ്ട് മക്കളും അമ്മ കിണറ്റിൽ കിടക്കുന്നു എന്നറിയിച്ച് സംഘത്തെ കിണറിനടുത്തേക്ക് കൊണ്ടുപോയി.

തുടർന്ന് യുവതിയെ പുറത്തെത്തിക്കാൻ ഫയർഫോഴ്‌സ് യൂണിറ്റംഗം സോണി റോപ്പ് അടക്കം സംവിധാനങ്ങളുപയോഗിച്ച് കിണറ്റിലേക്കിറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റുന്നതിനിടെ കിണറിന്റെ കൈവരിയിടിഞ്ഞ് ഇവരുടെ മേൽ വീണു. കൈവരിക്ക് സമീപം നിന്ന ശിവകൃഷ്‌ണനും ഇതോടെ അപകടത്തിൽ പെട്ടു. ഏറെ ആഴമുണ്ടായിരുന്ന കിണറായതിനാൽ ഇവരുടെമേലേയ്‌ക്ക് കല്ലും മണ്ണുമടക്കം വീണു. ഏറെ ബുദ്ധിമുട്ടിയാണ് മൂവരെയും പുറത്തെടുക്കാൻ കഴിഞ്ഞത്. പിന്നാലെ മൂവരുടെയും ജീവൻ നഷ്‌ടമാകുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.