elephant-attack

ചാലക്കുടി: വാൽപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്നവർക്ക് നേരെ കാട്ടാനകളുടെ ആക്രമണം. അഞ്ചുപേരടങ്ങുന്ന കുടുംബം കിടന്നുറങ്ങവെയാണ് ആനകൾ സ്ഥലത്തെത്തിയത്. വീടിന്റെ ജനൽ ആന തകർത്തത് കണ്ട് പുറത്തിറങ്ങിയ 52കാരിയെയും പേരക്കുട്ടിയായ രണ്ടര വയസുകാരിയെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ഉമ്മാണ്ടിമുടുക്ക് സുകന്യയുടെ വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. ഈ സമയം വീട്ടിൽ അഞ്ച് പേരുണ്ടായിരുന്നു. ആനയിൽ നിന്നും രക്ഷപ്പെടാൻ കൈക്കുഞ്ഞുമായി പുറത്തിറങ്ങിയ അസ്സല (52), പേരക്കുട്ടി ഹേമശ്രീ (രണ്ടര വയസ്) എന്നിവരെ വീടിന് മുന്നിൽ നിന്നിരുന്ന ഒരാന ആക്രമിച്ചു.

ആന എടുത്തെറിഞ്ഞ കുഞ്ഞ് തൽക്ഷണം മരിച്ചു. പിന്നാലെ അസ്സലയെയും ആന എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അസ്സലയെ വാൽപ്പാറ ഗവൺമെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഉമ്മാണ്ടിമുടുക്ക് എസ്റ്റേറ്റ് അഞ്ചാം ഡിവിഷനിലാണ് ഇന്ന് ആന ആക്രമണം ഉണ്ടായത്. ഇവിടെ മുൻപ് പുലിയുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് കാട്ടാന വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്ത സംഭവം ഇവിടെയായിരുന്നു. അസ്സലയുടെയും ഹേമശ്രീയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.