
ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തെ തുടർന്ന് ഡൽഹി നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളുകൾ ഉടൻ അടച്ചുപൂട്ടാൻ സാദ്ധ്യത. സൗത്ത് ഡൽഹിയിലെ ഡിഎൽഎഫ് പ്രൊമെനേഡ്, ഡിഎൽഎഫ് എംപോറിയോ, വസന്ത് കുഞ്ചിലെ ആംബിയൻസ് മാൾ എന്നിവയാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. ഈ മാളുകളുടെ പ്രവർത്തനം പൂർണമായി നിർത്തിവയ്ക്കാനാണ് സാദ്ധ്യത. പ്രമുഖരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിപ്പിക്കുന്ന മാളുകളാണ് ഇവ.
ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി ജലബോർഡിൽ നിന്നുളള ജലവിതരണം തടസപ്പെട്ടിരിക്കുകയാണെന്നും മാളുകളിലേക്കുളള ജലവിതരണം പ്രതിസന്ധിയിലാണെന്നും മൂന്ന് മാളുകളുടെയും മാനേജ്‌മെന്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ 70 ശതമാനം ശുചിമുറികളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ ഭക്ഷണശാലകളുടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. ഇതോടെ ഭക്ഷണശാലകൾ അവരുടെ പ്രവർത്തനസമയം വെട്ടിക്കുറയ്ക്കാനും നിർത്തിവയ്ക്കാനും നിർബന്ധിതരായിരിക്കുകയാണ്.
മാളുകൾ കൃത്യമായി ശുചീകരിക്കുന്നതിനുപോലും വെളളമില്ലാത്ത അവസ്ഥയാണ്. അതിനാൽ ഉപഭോക്താക്കൾക്ക് ശരിയായ സേവനം നൽകാൻ കഴിയുന്നില്ലെന്ന് ഒരു മാളിന്റെ നടത്തിപ്പുകാരൻ മാദ്ധ്യമത്തോട് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുളളിൽ ജലവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ മാളുകൾ അടച്ചുപൂട്ടാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതോടെ മാളുകൾക്ക് കനത്ത നഷ്ടമായിരിക്കും ഉണ്ടാക്കുന്നത്. ആയിരക്കണക്കിനാളുകളുടെ ജോലികൾ നഷ്ടപ്പെടേണ്ട അവസ്ഥയായി.
ജലവിതരണം എപ്പോൾ പുനഃരാരംഭിക്കുമെന്ന് ഡൽഹി ജലബോർഡ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ആഭ്യന്തര വൃത്തങ്ങൾ പറയുന്നു. ദീപാവലിക്ക് ഏതാനും ആഴ്ചകൾ അവശേഷിക്കവേയാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.