hostages

ടെൽ അവീവ്: രണ്ടുവർഷത്തിലേറെയായി ഹമാസ് തടവിൽ പാർപ്പിച്ച ഇസ്രയേലികളുടെ ആദ്യസംഘത്തെ മോചിപ്പിച്ചു. എഴുപേരെ റെഡ്‌ക്രോസിന് കൈമാറിയെന്നാണ് റിപ്പോർട്ട്. ഇവരുടെ ആരോഗ്യസ്ഥിതി ത്യപ്തികരമാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ബാക്കി 13 ബന്ദികളെയും ഇന്നുതന്നെ മോചിപ്പിക്കും. 20 ബന്ദികളെ ഇന്ന് മോചിപ്പിക്കുമെന്നായിരുന്നു ഹമാസ് അറിയിച്ചിരുന്നത്. ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവടങ്ങിലാണ് ബന്ദികളെ കൈമാറിയത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ്​ റെഡ്ക്രോസ്​ സംഘം മുഖേന ഇ​സ്രയേലിന്​ കൈമാറും.

ബന്ദിമോചന വേളയിൽ പ്രദർശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ്​ ധാരണ. ജയിലിലുളള 250 പാലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും വലിയ ആഘോഷത്തിലാണ്. ട്രംപിന്റെ മദ്ധ്യസ്ഥതയിലുണ്ടായ വെടിനിർത്തൽ കരാറിനെ തുടർന്നാണ് ബന്ദികളുടെ മോചനം സാദ്ധ്യമായത്. വടക്കൻ ഗാസ മുനമ്പിൽ ഹമാസ് തടവിലാക്കിയിരുന്ന ഈറ്റൻ മോർ, ഗാലി, സിവ് ബെർമൻ, മതാൻ ആംഗ്രെസ്റ്റ്, ഒമ്രി മിറാൻ, ഗൈ ഗിൽബോവ-ദലാൽ, അലോൺ ഒഹെൽ എന്നിവരാണ് മോചിതരായത്.

2023 ഒക്ടോബർ ഏഴിന് ഹമാസ് അതിർത്തി കയറി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേലികളെ ബന്ദികളാക്കിയത്. അമേരിക്കയ്ക്ക് പുറമെ ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളും ബന്ദിമോചനത്തിന് മദ്ധ്യസ്ഥത വഹിച്ചിരുന്നു. അതേസമയം ഗാസയിലെ യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. താന്‍ മുൻകൈ എടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണിതെന്നാണ് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന നിരവധി ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു.

'ഞാന്‍ പരിഹരിക്കുന്ന എട്ടാമത്തെ യുദ്ധമാണിത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമിടയിൽ ഇപ്പോള്‍ ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഞാന്‍ തിരിച്ചുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഇപ്പോൾ മറ്റൊരെണ്ണം ചെയ്യുകയാണ്. കാരണം യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് മിടുക്കുണ്ട്' - ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.