
ടെലിവിഷൻ പരിപാടികളിലൂടെ അഭിനയരംഗത്ത് സജീവമായ നടിയാണ് മഞ്ജു പത്രോസ്. മോശം ജീവിതസാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്ന നടിക്കെതിരെ വലിയ തരത്തിലുളള സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഉറ്റസുഹൃത്തിന്റെ പേരിൽ പല ആക്ഷേപങ്ങളും മഞ്ജു നേരിട്ടു. അത്തരം പരാമർശങ്ങളിലൊന്നും തളരാതെയുളള ജീവിതമാണ് താരത്തിന്റേത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ മഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
'ജീവിതത്തിന്റെ മോശം വശങ്ങളിൽ നിന്ന് വിജയത്തിലേക്കെത്തിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോഴും അവർക്കെതിരെ വലിയ രീതിയിലുളള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അവയെല്ലാം കേട്ട് തളർന്നുപോകാൻ അവർ തയ്യാറായിട്ടില്ല. പുതിയ വീടിന്റെ പാലുകാച്ചലിന് വിദേശത്തുളള ഭർത്താവിന് എത്താൻ കഴിയാതെ വന്നപ്പോൾ ആളുകൾ പലതും പറഞ്ഞുണ്ടാക്കി. നല്ലകാലം വന്നപ്പോൾ ഭർത്താവിനെ ഒഴിവാക്കിയെന്നാണ് വിമർശനങ്ങൾ ഉയർന്നത്
അവർ അനുഭവിച്ച കഷ്ടപാടിന്റെ കഥകൾ പല വേദികളിലും മഞ്ജു തുറന്നുപറഞ്ഞിട്ടുണ്ട്. പണമില്ലാത്തതിന്റെ പേരിൽ കിഡ്നി വിൽക്കാനും ജീവിതം അവസാനിപ്പിക്കാൻ വരെ ശ്രമിച്ച നടിയാണ് മഞ്ജു. മകനെയും മാതാപിതാക്കളെയും ഓർത്താണ് നടി അതിൽ നിന്ന് പിൻമാറിയത്. ജനിച്ചപ്പോൾ മുതൽ നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ടിട്ടുണ്ടെന്നും ബോഡി ഷെയ്മിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. സിമി ബാബുവുമായുളള മഞ്ജുവിന്റെ സൗഹൃദം പലരീതിയിലും സോഷ്യൽ മീഡിയയിൽ ആളുകൾ വിമർശിച്ചു. അവർ ലെസ്ബിയൻ കപ്പിളാണെന്നാണ് ഉയർന്നുവന്ന പ്രധാന വിമർശനം. ഞങ്ങൾ തമ്മിൽ അത്തരമൊരു ബന്ധമല്ലെന്നും ലെസ്ബിയൻ കപ്പിളുകളോട് എന്തിനാണ് വേർതിരിവ് കാണിക്കുന്നതെന്നാണ് മഞ്ജു ചോദിച്ചത്.
തന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് മഞ്ജു പത്രോസ് സൈബർ പൊലീസിന് പരാതി നൽകിയിരുന്നു. പ്ലസ് ടുവിൽ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അതിനുപിന്നിൽ. പ്രതിയെ കാണാൻ സ്റ്റേഷനിലെത്തിയ മഞ്ജു ആ ആൺകുട്ടിയെ കണ്ടതോടെ കേസിൽ നിന്ന് പിൻമാറുകയായിരുന്നു. മഞ്ജുവിനെതിരെയുളള അധിക്ഷേപങ്ങൾ ഒരുപരിധിവരെ കുറഞ്ഞപ്പോൾ അടുത്ത ഇരയായി വന്നത് രേണു സുധിയായിരുന്നു. ഇവരെല്ലാം കോടീശ്വരികളായിരുന്നുവെങ്കിൽ ഇത്തരം പരാമർശങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.