k
ജോയൽ മോകിർ

സ്റ്റോ​ക്‌​ഹോം​​:​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​സാമ്പത്തികശാസ്ത്ര​ ​നോ​ബ​ൽ ജോയൽ മൊകീർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹൊവിറ്റ് എ​ന്നി​വ​ർക്ക്. നൂതന സാമ്പത്തിക വളർച്ചയെ വിശകലനം ചെയ്ത് വിശദീകരിച്ചതിനാണ് ഇസ്രയേലി-അമേരിക്കൻ പൗരനായ മൊകീർ പുരസ്കാരത്തിന് അർഹനായത്.

പുത്തൻ സാങ്കേതിക വിദ്യയിലും നവീന ആശയങ്ങളിലും ഉൗന്നി

സുസ്ഥിര വളർച്ചയുടെ മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിനാണ് ഫ്രഞ്ചുകാരനായ ഫിലിപ്പ് അഘിയോണും കാനഡക്കാരനായ പീറ്റർ ഹൊവിറ്റും പുരസ്കാരം പങ്കിടുന്നത്. 11​ ​മി​ല്യ​ൺ​ ​സ്വീ​ഡി​ഷ് ​ക്രോ​ണ​ർ​ ​(10,38,50,000​ ​രൂ​പ​യി​ലേ​റെ​) ആണ്​ ​പു​ര​സ്കാ​ര​ ​തു​ക. മൊകീറിന് സമ്മാനത്തിന്റെ പകുതി തുക ലഭിക്കും. മറുപകുതി അഘിയോണും ഹൊവിറ്റും പങ്കിടും. ഡി​സം​ബ​ർ​ 10​ന് ​സ്റ്റോ​ക്ഹോ​മി​ലാ​ണ് ​സ​മ്മാ​ന​ദാ​നം.

ജോയൽ മൊകീർ (79)- യു.എസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രൊഫസർ.

ഫിലിപ്പ് അഘിയോൺ (69)- പാരീസിലെ കോളേജ് ഡി ഫ്രാൻസിലെയും ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെയും പ്രൊഫസർ.

പീറ്റർ ഹോവിറ്റ് (68)- യു.എസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ.

ജീവിതനിലവാരം ഉയർത്താൻ

ഉതകിയ ഗവേഷണങ്ങൾ

പുതിയ സാങ്കേതികവിദ്യകളും ഉത്പാദന രീതികളും എങ്ങനെയാണ് പുത്തൻ സാമ്പത്തിക വളർച്ചയ്ക്ക് ഇന്ധനമാകുന്നതെന്ന് മൂവരും വിശദീകരിച്ചു. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും പരിശോധിച്ചു. ഇവരുടെ ഗവേഷണങ്ങൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് മികച്ച ജീവിത നിലവാരം, ആരോഗ്യം, ജീവിത ഗുണമേന്മ എന്നിവ നൽകാൻ സഹായിച്ചു. അതേസമയം, പുരോഗതിക്ക് ഉറപ്പില്ലെന്നും വളർച്ച നിലനിറുത്താനുള്ള വെല്ലുവിളികളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ജേതാക്കളുടെ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് അക്കാഡമി ചൂണ്ടിക്കാട്ടി.

ചൈനയെയും യു.എസിനെയും

കണ്ടുപഠിക്കണം: നോബൽ ജേതാവ്

സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട്, മത്സരത്തെയും വ്യാവസായിക നയത്തെയും സമന്വയിപ്പിക്കാനുള്ള വഴികൾ കണ്ടെത്തിയ യു.എസിൽ നിന്നും ചൈനയിൽ നിന്നും യൂറോപ്പ് പഠിക്കണമെന്ന് ഫിലിപ്പ് അഘിയോൺ. നോബൽ പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധം, കാലാവസ്ഥ, എ.ഐ, ബയോടെക് തുടങ്ങിയ നിർണായക മേഖലകളിൽ യൂറോപ്പ് വ്യാവസായിക നയത്തെ സമന്വയിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.