
ഷാജി പാപ്പനായി ജയസൂര്യ വീണ്ടും കാമറയുടെ മുന്നിൽ എത്തി. പാപ്പന്റെ ട്രേഡ് മാർക്ക് ആയ മീശയും കറുത്ത മുണ്ടുമണിഞ്ഞുള്ള ലുക്ക് ട്രെൻഡിംഗ് ആണ്. മൂന്നുവർഷത്തിനുശേഷം ആണ് ജയസൂര്യ താടി വടിക്കുന്നത്. പാപ്പൻ ആയി മാറുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് പാപ്പന്റെ തിരിച്ചുവരവ് ജയസൂര്യ അറിയിച്ചത്. എട്ടുവർഷത്തിനുശേഷം പാപ്പൻ വീണ്ടും എത്തുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
കത്തനാർ സിനിമയ്ക്കായി വർഷങ്ങളോളം ജയസൂര്യ തന്റെ താടിയും മുടിയും നീട്ടിയിരുന്നു.
പാപ്പനായി മാറിയ രൂപത്തിൽ സഹനിർമ്മാതാവ് വിജയ് ബാബുവിനെയും സംവിധായകൻ മിഥുൻ മാനുവൽ തോമസിനെയും വീഡിയോ കാൾ ചെയ്യുന്നതും കാണാം.
ആട് ഒരു ഭീകര ജീവിയാണ്. ആട് 2 എന്നീ ചിത്രങ്ങൾക്കുശേഷം ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രമായ ആട് 3യുടെ ചിത്രീകരണം പാലക്കാട് പുരോഗമിക്കുന്നു.ആട് 2ൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും മൂന്നാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമ്മാണം. മാർച്ച് 19ന് ഇൗദ് റിലീസായി തിയേറ്ററിൽ എത്തും.