
സ്റ്റോക്ഹോം: 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ് എന്നിവർക്ക് ലഭിച്ചു. 'കണ്ടുപിടുത്തങ്ങളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ച' എന്ന ആശയം അവതരിപ്പിച്ചതിലൂടെയാണ് ഇവർ നോബൽ സമ്മാനത്തിന് അർഹരായത്. ഏകദേശം 12 ലക്ഷം ഡോളർ ഇവർക്ക് പുരസ്കാര തുകയായി ലഭിച്ചു. ഇതിൽ പകുതി നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജോയൽ മോകിറിന് ലഭിക്കും. ബാക്കി പകുതി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഫിലിപ്പ് അഘിയൺ, ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പീറ്റർ ഹോവിറ്റ് എന്നിവർ ചേർന്ന് പങ്കിട്ടെടുക്കും.
കണ്ടുപിടുത്തങ്ങളും സാങ്കേതിക പുരോഗതിയും സാമ്പത്തിക വളർച്ചയെ എങ്ങനെ നയിക്കുന്നു എന്ന് വിശദീകരിക്കുന്ന പഠനം സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം സൃഷ്ടിക്കും. സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും കാലക്രമേണ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുന്ന ചരിത്രപരവും സൈദ്ധാന്തികവും ഗണിതശാസ്ത്രപരവുമായ കാരണങ്ങളെ ഇവരുടെ പഠനം ബന്ധിപ്പിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ സാമ്പത്തിക വളർച്ചയെ സഹായിക്കുകയും ദാരിദ്ര്യത്തെ കുറച്ചുകൊണ്ട് വരികയും ചെയ്യുന്നത് എങ്ങനെയെന്ന് പഠനം വിശദീകരിക്കുന്നു.
മുതലാളിത്ത വ്യവസ്ഥിതിയിലെ പിരിമുറുക്കത്തെയാണ് ഗവേഷണം പ്രധാനമായും അടിവരയിടുന്നത്. കുത്തകകൾ പുതിയ ആശയങ്ങളെ അടിച്ചമർത്തുന്നില്ലെന്നും സമൂഹങ്ങൾ സാങ്കേതിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് ദീർഘകാല വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും പഠനം പറയുന്നു.