train-service

ടോക്കിയോ: ഇന്ത്യയിൽ പ്രതിദിനം 13,​000-ത്തിലധികം ട്രെയിൻ സർവീസുകൾ ഓടുന്നുണ്ടെങ്കിലും ദീപാവലി അടക്കമുള്ള ആഘോഷവേളകളിൽ പലപ്പോഴും ട്രെയിനുകൾ തിങ്ങി നിറഞ്ഞ യാത്രക്കാരുമായിട്ടാണ് ഓടാറ്. 24 കോച്ചുകളുള്ള ഒരു ട്രെയിനിൽ സാധാരണയായി 1200 മുതൽ 1400 യത്രക്കാർ വരെ ഉണ്ടാകാറുണ്ട്. തിരക്കുള്ള സമയങ്ങളിൽ ജനറൽ സ്ലീപ്പർ കോച്ചുകളിലെ അവസ്ഥ പറയണ്ടല്ലോ. ഫെസ്റ്റിവൽ സീസണുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്.

എന്നാൽ തിരക്കുള്ള ട്രെയിൻ സ‌ർവീസുകളെക്കുറിച്ചുള്ള വാർത്തകൾ വരുമ്പോഴും ഒരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം വർഷങ്ങളോളം ട്രെയിൻ സർവീസ് നടത്തുന്ന സംഭവമാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്നാൽ ഈ സർവീസ് ഇന്ത്യയിലല്ല മറിച്ച് ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലാണ് ഇത്തരത്തിലൊരു അത്ഭുത സർവീസ്.

2016ൽ ജനസംഖ്യയിലെ വൻ ഇടിവ് കാരണം ജപ്പാനിലെ ക്യൂ-ഷിരാതാകി സ്റ്റേഷൻ അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ സ്കൂളിൽ പോകാൻ ഈ ട്രെയിനിനെ ആശ്രയിച്ചിരുന്ന കാനാ ഹരാഡ എന്ന വിദ്യാർത്ഥിനി റെയിൽവേ കമ്പനിയോട് ട്രെയിൻ സർവീസ് നിലച്ചാൽ തന്റെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാകുമെന്ന് അധികൃതരെ അറിയിച്ചു.

കാനയുടെ പഠനത്തിന്റെ പ്രാധാന്യം മനസിലാക്കിയ റെയിൽവേ കമ്പനി അസാധാരണമായ ഒരു തീരുമാനമാണ് എടുത്തത്. കാനക്ക് വേണ്ടി മാത്രം അടുത്ത മൂന്ന് വർഷത്തേക്ക് സ്റ്റേഷൻ പ്രവർത്തം സജ്ജമാക്കി. റദ്ദാക്കാൻ ഒരുങ്ങിയ സർവീസ് പുനരാരംഭിച്ചു. മിക്ക ദിവസങ്ങളിലും കാന മാത്രമായിരുന്നു ട്രെയിനിലെ ഏക യാത്രക്കാരി. കാനയെ സ്കൂളിൽ എത്തിക്കാനായി എല്ലാ ദിവസവും രാവിലെ ട്രെയിൻ വരും. വൈകുന്നേരം തിരികെ കൊണ്ട് വിടുകയും ചെയ്യും.

സ്റ്റേഷൻ അടച്ചുപൂട്ടാൻ പ്രധാന കാരണം ദ്വീപിലെ ജനസംഖ്യ കുറഞ്ഞതാണ്. ഒരു സമയത്ത് 36 പേർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. യാത്രക്കാർ തീരെ കുറവായതുകൊണ്ടും ട്രെയിൻ ഓടിക്കാൻ വലിയ ചെലവ് ഉള്ളതുകൊണ്ടും സ്റ്റേഷൻ നിലനിർത്തുന്നത് റെയിൽവേ കമ്പനിക്ക് ലാഭകരമായിരുന്നില്ല. എന്നാൽ, ലാഭത്തെക്കുറിച്ച് ചിന്തിക്കാതെ, വിദ്യാഭ്യാസം ഏറ്റവും പ്രധാനമാണെന്ന് തെളിയിച്ചുകൊണ്ടാണ് ആ വിദ്യാർത്ഥിക്ക് വേണ്ടി റെയിൽവേ സർവീസ് തുടർന്നത്. റെയിൽവേയുടെ ഈ തീരുമാനം ലോകത്തിന് തന്നെ മഹത്തായൊരു മാതൃകയായിട്ടാണ് കണക്കാക്കപ്പെടുന്നത്.