cm

തിരുവനന്തപുരം: നവകേരള വികസന പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജനങ്ങൾക്കു പറയാനുള്ളത് കേൾക്കുമെന്നും സന്നദ്ധപ്രവർത്തകർ സർവ്വേ നടത്താനായി വീടുകളിൽ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ''ജനാധിപത്യത്തിന്റെ ഒരു പുതിയ മാതൃക ലോകത്ത് മുന്നിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. നാടിന്റെ വികസനമെന്നത് ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധിയും സ്വപ്നങ്ങളും ആഴത്തിൽ മനസിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ട പ്രവർത്തനമാണ്''മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായി നിരന്തരം സംവദിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇനിയും ക്രിയാത്മക ഇടപെടൽ ഉണ്ടാകുമെന്നും സമഗ്രമായ പഠന പരിപാടിക്ക് സർക്കാർ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സൂക്ഷ്മമായി കേൾക്കുമെന്നും വിശദമായ റിപ്പോർട്ടും മാർഗ്ഗ രേഖയും തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ സന്നദ്ധപ്രവർത്തകർ വീടുതോറുമെത്തി വിവരശേഖരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവരങ്ങൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ട് ശുപാർശ സഹിതം സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.