alyssa-starc

വിശാഖപട്ടണം: വനിതകളുടെ ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ പോരില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഒരോവറും മൂന്ന് വിക്കറ്റുകളും ശേഷിക്കെ ഓസീസ് വനിതകള്‍ മറികടക്കുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഓസീസ് നായിക അലീസ ഹീലി കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബൗളര്‍മാര്‍ക്കും വെറും കാഴ്ചക്കാരുടെ മാത്രം റോളായിരുന്നു. പക്ഷേ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്ന ചര്‍ച്ചയാകട്ടെ അലീസയേയും അവരുടെ ഭര്‍ത്താവിനേയും ചുറ്റിപറ്റിയാണ്.

107 പന്തില്‍ 142 റണ്‍സ് അടിച്ച് കൂട്ടിയ അലീസ ഹീലി ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഭാര്യയാണ്. ഇതാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പുരുഷ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ സ്റ്റാര്‍ക്കിനെ കൊണ്ട് വലിയ ഉപദ്രവമാണ്, വനിതാ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ അയാളുടെ ഭാര്യയെ കൊണ്ട് വലിയ ഉപദ്രവം. ഇൗ ഭാര്യക്കും ഭര്‍ത്താവിനും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാണുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ തുടങ്ങിയവയാണ് ആളുകളുടെ കമന്റുകള്‍.

ഇതാദ്യമായിട്ടല്ല അലീസ ഹീലി ഇന്ത്യയുടെ ഹൃദയം തകര്‍ക്കുന്നത്. 2020ല്‍ വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയത് അലീസയായിരുന്നു. അന്ന് 39 പന്തുകളില്‍ 75 റണ്‍സ് അടിച്ചെടുത്ത ഹീലിയായിരുന്നു കളിയിലെ താരം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അലീസയ്ക്കും ഭര്‍ത്താവിനും ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ നിമിഷനേരംകൊണ്ടാണ് ഇന്ത്യയില്‍ വൈറലാകുന്നത്. സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് പഠിച്ച സ്റ്റാര്‍ക്കും ഹീലിയും 2016ല്‍ ആണ് വിവാഹിതരായത്. മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ മരുമകളാണ് അലീസ ഹീലി.

ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയോടെ വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാദ്ധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരെയും അട്ടിമറിക്ക് കെല്‍പ്പുള്ള ബംഗ്ലാദേശുമായുമാണ് ഇന്ത്യക്ക് ഇനി അവശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ രണ്ട് മത്സരങ്ങളെങ്കിലും വിജയിച്ചാല്‍ മാത്രമേ സെമി പ്രതീക്ഷ അവശേഷിക്കുകയുള്ളൂ.