
പാലക്കാട്: പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുതകുന്ന രൂപത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിനെ രൂപപ്പെടുത്തുമെന്ന് മന്ത്രി എം.ബി.രാജേഷ്. 'വിഷൻ 2031' തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനതല സെമിനാറിന്റെ പ്രാരംഭ സെഷനിൽ 'കേരളത്തിന്റെ വികസനം 2031ൽ ' എന്ന വിഷയത്തിൽ കരട് നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഗ്രേഡിംഗ് കൊണ്ടുവരും. നികുതി നിരക്ക് വർദ്ധിപ്പിക്കാതെ തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി വർദ്ധിപ്പിക്കും. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് കരസ്ഥമാക്കിയ നേട്ടങ്ങളും അവതരിപ്പിച്ച മികച്ച മാതൃകകളും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പരിചയപ്പെടുത്തി. പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സെഷനിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ സ്വാഗതവും പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് നന്ദിയും പറഞ്ഞു.