
പാലക്കാട്: ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രതിഷേധത്തിനിടയിലും പാലക്കാട് മണ്ഡലത്തിൽ നേരത്തെ നിശ്ചയിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനമാണ് നിർവഹിച്ചത്. പരിപാടിക്ക് രാഹുൽ എത്തിയപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാർ തടഞ്ഞു. കാറിന് മുകളിൽ ഡി.വൈ.എഫ്.ഐ പതാക വച്ച് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധം വകവയ്ക്കാതെ കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ കാറിൽ നിന്നിറക്കി എടുത്തുയർത്തി മുദ്രാവാക്യം വിളിച്ചാണ് വേദിയിലെത്തിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. രാഹുലിന് പിന്തുണയുമായി കോൺഗ്രസ്, ലീഗ് പ്രവർത്തകരും സ്ഥലത്തെത്തി.