photo

ബാലുശ്ശേരി: ജാർഖണ്ഡ് സ്വദേശി എകരൂലിൽ കുത്തേറ്റ് മരിച്ചു.എകരൂലിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിലുണ്ടായ തർക്കത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.ഉടൻ അടുത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നൂറ് മീറ്റർ അകലെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും,കൊലപാതകം നടന്ന വീട്ടിലെ അന്യസംസ്ഥാന തൊഴിലാളികളും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡ് സ്വദേശികളായ സുനിൽറാം,ജോൺ,ആനന്ദ്,സോമനാഥ്,ചമ്പാൻ,സഹദേവ്,ഘനശ്യാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാലുശ്ശേരി ഇൻസ്പെകർ ടി.പി.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഫോറൻസിക് വിദഗ്ദ്ധരും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.