
മരിച്ചുകഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതാണ് ഏറെക്കുറെ എല്ലാ സംസ്കാരങ്ങളിലും പതിവ്. എന്നാൽ ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി പ്രവിശ്യയിൽ കരയാൽ ചുറ്റപ്പെട്ടു കാണപ്പെടുന്ന ടാനാ ടൊറാജ എന്ന ഒരു പ്രദേശമുണ്ട്. ഇവിടെയുള്ള ടൊറാജ വംശജരായ ജനങ്ങൾ മരിച്ചവരോടൊപ്പമാണ് ജീവിക്കുന്നത്. കാരണം അവർ മൃതദേഹങ്ങൾ മറവ് ചെയ്യാറില്ല. മരണം ഒരു വലിയ യാത്രയുടെ ഭാഗമാണെന്ന് ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു.
ഇവിടെയുള്ള ജനങ്ങൾ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. കാരണം ഈ പ്രദേശത്തെ ശവസംസ്കാരച്ചെലവ് വളരെ കൂടുതലാണ്. ചിലർ അവരുടെ ജീവിതകാലം മുഴുവനും സംസ്കാരച്ചെലവിനുള്ള പണം സമ്പാദിക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നു. ആ പണം സമ്പാദിക്കും വരെ മൃതദേഹങ്ങളെ മമ്മികളാക്കി ടോങ്കോണൻ എന്നറിയപ്പെടുന്ന പ്രത്യേക ഇടങ്ങളിൽ സൂക്ഷിക്കുന്നു.
പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുമ്പോൾ
പുതിയ തലമുറയ്ക്ക് മരിച്ചവരെ പരിചയപ്പെടുത്തുന്നതിനായി ഓരോ രണ്ട് വർഷത്തിലും മൃതദേഹങ്ങൾക്ക് ഭക്ഷണം നൽകുകയും പുതിയ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. 'മനേൻ' എന്നാണ് ഇവർക്കിടയിൽ ഈ ആചാരം അറിയപ്പെടുന്നത്. മരണത്തിനും ശവസംസ്കാരത്തിനും ഇടയിലുള്ള വർഷങ്ങളുടെ ഇടവേളകളിൽ പലപ്പോഴും കുടുംബാംഗങ്ങൾ ഈ ചടങ്ങ് നടത്തുന്നു. ചിലർ ശവസംസ്കാര ചടങ്ങ് നടക്കുന്നത് വരെ കുടുംബവീട്ടിൽ സൂക്ഷിക്കുന്നു.
ആഘോഷമായി ശവസംസ്കാരം
മൃതദേഹത്തിനൊപ്പം ജീവിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് ശവസംസ്കാരം ഒരു ആഘോഷമാണ്. സാധാരണയായി അഞ്ച് ദിവസത്തെ പരിപാടിയായാണ് ഈ ആഘോഷം നടക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബം ഒരു നിശ്ചിത എണ്ണം എരുമകളെയും പന്നികളെയും ബലിയർപ്പിക്കും. നൂറുകണക്കിന് അതിഥികൾക്ക് ഭക്ഷണം നൽകും. മരണപ്പെട്ടവർക്കായി ഒരു പുതിയ കുടിൽ നിർമ്മിക്കുന്നു. ഇത് ശവസംസ്കാര വേളയിൽ കത്തിക്കുന്നു. ചില സമയങ്ങളിൽ കുടുംബത്തിലെ മറ്രൊരംഗം മരിക്കുന്നത് വരെ ഇവർ മൃതദേഹങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നു. ഇതിലൂടെ രണ്ട് പ്രാവശ്യം ശവസംസ്കാരം നടത്തുന്നതിലെ ചെലവ് ഇവർ ലാഭിക്കുന്നു. കൂടാതെ പുരുഷനോ സ്ത്രീയോ അവരുടെ പങ്കാളി ജീവിച്ചിരിക്കുമ്പോൾ മരിച്ചാൽ മറ്റേ ഇണ മരിക്കുന്നതുവരെ അവരുടെ മൃതദേഹം സൂക്ഷിച്ച് വയ്ക്കുന്നു. ഇതിലൂടെ മരണാനന്തര യാത്രയിൽ അവരുടെ ഇണയും പങ്കുചേരുമെന്ന് ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു.
വിനോദസഞ്ചാരികളും
മനോഹരമായ പച്ചപ്പിനാൽ നിറഞ്ഞതാണ് ടാന ടൊരാജയിലെ ഭൂപ്രദേശം. ഇവിടേക്ക് ട്രക്കിംഗിനായി വിനോദസഞ്ചാരികൾ എത്താറുണ്ട്. ഇവർ ചിത്രങ്ങൾ എടുക്കുന്നതിനെക്കാൾ അധികമായി ഇവിടുത്തെ പ്രാദേശിക സംസ്കാരം അനുഭവിക്കാൻ ആഗ്രഹിക്കുന്നു. മരണത്തിന്റെയും ശവസംസ്കാരത്തിന്റെയും അതുല്യമായ ആചാരങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ് പലരും ഈ പ്രദേശം സന്ദർശിക്കുന്നത്.