gold

കൊച്ചി: ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വീണ്ടും വര്‍ദ്ധിച്ചു. ഇത് വിലയിലും പ്രകടമായി. ഔണ്‍സിന് 4060 ഡോളറായതോടെ ആഗോളവിപണിയിലും പവന് 91960 രൂപയില്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണവില റെക്കാര്‍ഡിട്ടു. ഇന്നലെ ഗ്രാമിന് 105 രൂപ വര്‍ദ്ധിച്ച് 11,495 രൂപയായി. പവന് 840 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ജി.എസ്.ടിയും പണിക്കൂലിയുമടക്കം ഒരു ലക്ഷത്തിന് മേല്‍ നല്‍കേണ്ടി വരും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും വില മുന്നോട്ടു തന്നെ പോകും. ദീപാവലി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ ഉത്സവസീസണായതിനാല്‍ ആഭ്യന്തരവിപണിയില്‍ ചില്ലറ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുംദിവസങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപകര്‍ക്ക് അഭയം സ്വര്‍ണം

ഇസ്രയേല്‍- പാലസ്തീന്‍ യുദ്ധം അവസാനിക്കുന്നുവെന്ന വാര്‍ത്തയില്‍ ആഗോളവിപണികള്‍ ആശ്വാസം കൊള്ളവെയാണ് ചൈനയ്ക്ക് മേല്‍ അമേരിക്ക 100 ശതമാനം അധികതീരുവ ചുമത്തിയത്. തീരുവ കാട്ടി ഭീഷണിപ്പെടുത്തിയാല്‍ അതിനുള്ള മറുപടി തങ്ങള്‍ തരുമെന്ന് ചൈനയും തിരിച്ചടിച്ചതോടെ വിപണി വീണ്ടും കലുഷിതമായി. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ അഭയം കൊള്ളുകയാണ്.

യു.എസ്- ചൈന തീരുവ യുദ്ധം

അമേരിക്കയിലെ ഷട്ട് ഡൗണ്‍

കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത്

ഇന്ത്യയിലെ ഉത്സവസീസണ്‍