kundannoor-theft-

കൊച്ചി: കുണ്ടന്നൂരിൽ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷ്ടിച്ച പണത്തിന് പ്രതികൾ ഏലയ്ക്ക വാങ്ങിയതായി പൊലീസ് കണ്ടെത്തി. 14 ലക്ഷം രൂപയുടെ ഏലയ്ക്കയാണ് വാങ്ങിയത്. ഏല കർഷകനും കേസിലെ 12ാം പ്രതിയുമായ ലെനിൻ പിടിയിലായിരുന്നു. കവർച്ചയുടെ മുഖ്യ ആസൂത്രകനും കേസിലെ ഒന്നാം പ്രതിയുമായ ആലുവ ആലങ്ങാട് സ്വദേശിയുമായ ജോജിയെ ഏലത്തോട്ടത്തിൽ ഒളിപ്പിച്ചത് ലെനിൻ ആണെന്നും പൊലീസ് വ്യക്തമാക്കുന്നു. തൊണ്ടിമുതലായ ഏലയ്ക്കയും പൊലീസ് പിടിച്ചെടുത്തു. ഇത് മരട് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാര സ്ഥാപന ഉടമ സുബിനെ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവരുകയായിരുന്നു. കേസിൽ രണ്ട് പ്രതികൾകൂടി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. മുഖംമൂടി ധരിച്ച് പണം തട്ടിയെടുത്ത ഇടുക്കി മുരിക്കാശേരി സ്വദേശി ജയ്സൽ ഫ്രാൻസിസ് (30), ഇടുക്കി ഉടുമ്പൻചോല സ്വദേശി അബിൻസ് കുര്യാക്കോസ് (29) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘത്തലവനും അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണറുമായ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കവർച്ചയ്ക്കുശേഷം പ്രതികൾ പോണ്ടിച്ചേരിയിലേക്കും തുടർന്ന് ബംഗളൂരുവിലേക്കുമാണ് കടന്നത്. സൈബർഡോമിന്റെ സഹായത്തോടെ നീക്കങ്ങൾ തിരിച്ചറിഞ്ഞാണ് ഇവരെ പിടികൂടിയത്. ഇരുവരും വാടകഗുണ്ടകളെന്ന നിലയിലാണ് കവർച്ചയിൽ പങ്കെടുത്തത്. മുഖംമൂടി സംഘത്തിൽപ്പെട്ട മറ്റൊരു പ്രതി രാഹുലിനായി തെരച്ചിൽ തുടരുകയാണ്. കവർച്ച നടക്കുമ്പോൾ ജോജിക്കൊപ്പം ഉണ്ടായിരുന്ന വടുതല സ്വദേശി സജി, തൃശൂർ നാട്ടിക സ്വദേശി വിഷ്ണു, കവർച്ചയ്ക്ക് സഹായം നൽകിയ കൊച്ചിയിലെ അഭിഭാഷകൻ നിഖിൽ നരേന്ദ്രനാഥ്, ആസിഫ് ഇക്ബാൽ, ബുഷറ, നിഹാസ്, അർജുൻ ഉൾപ്പെടെ ഏഴ് പ്രതികൾ നേരത്തേ പിടിയിലായിരുന്നു.

80 ലക്ഷം രൂപ നൽകിയാൽ 1.20 കോടി രൂപയായി തിരികെ നൽകാമെന്ന് പറഞ്ഞ് ജോജിയാണ് വ്യാപാരി സുബിനെ സമീപിച്ചത്. എട്ടാംതീയതി വൈകിട്ട് മൂന്നിന് 80 ലക്ഷം രൂപയുമായി കുണ്ടന്നൂരിലെ സ്ഥാപനത്തിൽ വ്യാപാരി കാത്തിരിക്കുമ്പോഴാണ് മുഖംമൂടിസംഘം തോക്കും വടിവാളുംകാട്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപയുമായി വാഹനങ്ങളിൽ കടന്നത്. ഈ സമയം ഇവിടെയുണ്ടായിരുന്ന ജോജിയും മറ്റൊരു പ്രതി വിഷ്ണുവും മുഖംമൂടി സംഘത്തിനൊപ്പം രക്ഷപ്പെട്ടു. 24 മണിക്കൂറിനകം തൃശൂർ നാട്ടികയിൽ നിന്ന് വിഷ്ണുവിനെ അറസ്റ്റുചെയ്ത പൊലീസ് രണ്ട് വാഹനങ്ങളും കവർച്ചാസംഘം ഉപയോഗിച്ച തോക്കും വ്യാപാരിയിൽനിന്ന് തട്ടിയെടുത്ത പണത്തിൽ 20 ലക്ഷവും കണ്ടെടുത്തിരുന്നു.