
ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാ മാസവും 5000 രൂപവീതം നൽകുമെന്ന് തമിഴക വെട്രി കഴകം (ടിവികെ). കുടുംബത്തിന് മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തും. ഇരകളുടെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് യൂണിറ്റാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. ടിവികെ സമിതി ഇന്ന് കരൂരിലെ വീടുകളിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തം റിട്ട. സുപ്രീംകോടതി ജഡ്‌ജി അജയ് രസ്തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കുമെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 41 പേർ മരിക്കുകയും,100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതി നടപടിയും, തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്റെ ജുഡിഷ്യൽ അന്വേഷണവും മരവിപ്പിച്ചു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ വീഴ്ചകൾ വ്യക്തമാണെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ സൂചിപ്പിച്ചു.
പൊലീസിന്റെ അലംഭാവം സംബന്ധിച്ച് ഇരകളുടെ കുടുംബങ്ങൾ അടക്കം പരാതി ഉന്നയിക്കുന്നുണ്ട്. റാലിക്ക് അനുമതി നൽകിയിട്ടും, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നുള്ള പരാതികളും ശക്തമാണ്. ഇത് ഇപ്പോൾ നടക്കുന്ന അന്വേഷണം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്തിയിട്ടുണ്ട്. സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന ടി.വി.കെ അടക്കം ഹർജിക്കാരുടെയും ഇരകളുടെ കുടുംബങ്ങളുടെയും താത്പര്യം മാനിച്ച് സി.ബി.ഐ അന്വേഷണത്തിന് വിടുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.