
ആലപ്പുഴ: കർഷകത്തൊഴിലാളിയായ സ്‌ത്രീ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ സ്റ്റേ കമ്പി ഫ്യൂസ് കാരിയറിൽ തട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തൽ. കെഎസ്‌ഇബി ജീവനക്കാർ അപകടസാദ്ധ്യത ശ്രദ്ധിച്ചില്ലെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. പള്ളിപ്പാട് പുത്തൻപുരയിൽ സരള (64) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ ജോലി ചെയ്ത ശേഷം കരയ്ക്ക് കയറുന്നതിനിടെയാണ് സരളയ്ക്കും കൂടെയുണ്ടായിരുന്ന വടക്കേക്കര കിഴക്ക് നേര്യം പറമ്പിൽ വടക്കേതിൽ ശ്രീലത എന്ന തൊഴിലാളിക്കും ഷോക്കേറ്റത്. ശ്രീലത ആശുപത്രിയിൽ ചികിത്സയിലാണ്.
കാൽ വഴുതി വീഴാതിരിക്കാൻ ശ്രീലത അടുത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചു വീണു. രക്ഷിക്കുന്നതിനിടെയാണ് സരളയ്ക്കും ഷോക്കേറ്റത്. അപകടാവസ്ഥയെപ്പറ്റി പള്ളിപ്പാട് കെഎസ്‌ഇബി ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് ജനകീയ സമിതി ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരേ മനഃപൂർവമുള്ള നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെടുന്നത്.
പള്ളിപ്പാട്ടും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളിൽ വൈദ്യുതി കമ്പികൾ പലയിടത്തും അപകടകരമായ രീതിയിലാണ്. ഇത് എത്രയും പെട്ടെന്ന് ശരിയാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം. സരളയുടെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു.