ganesh-kumar

തിരുവനന്തപുരം: വാഹനങ്ങളിലെ എയർഹോൺ ഉപയോഗത്തിൽ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനങ്ങളിലെ എയർഹോൺ പിടിച്ചെടുക്കുന്നതിനായി സ്‌പെഷ്യൽ ഡ്രൈവിന് മന്ത്രി നിർദേശം നൽകി. ഇന്നലെ ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവ് ഈ മാസം 19വരെയാണ് നടക്കുക. പിടിച്ചെടുക്കുന്ന എയർഹോൺ മാദ്ധ്യമങ്ങളുടെ മുന്നിലെത്തിക്കണം. ഇവ പ്രദർശിപ്പിക്കണം. റോഡ് റോളർ ഉപയോഗിച്ച് എയർഹോണുകൾ നശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞദിവസം കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തിൽ ഹോണടിച്ചെത്തിയ സംഭവത്തിൽ മന്ത്രി നടപടിയെടുത്തിരുന്നു. ടെർമിനൽ ഉദ്ഘാടനത്തിനിടെ നിറയെ ആളുകളുമായി സ്വകാര്യ ബസ് എയർഹോൺ മുഴക്കിയെത്തുകയായിരുന്നു. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർ.ടി.ഒയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

'ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഫയർ എഞ്ചിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്' - എന്നും മന്ത്രി പരിപാടിക്കിടെ വിമർശിച്ചിരുന്നു.

നേരത്തെ കെ.എസ്.ആർ.ടി.​സി ബസിന്റെ ഡാഷ് ബോർഡിൽ കുപ്പികൾ കൂട്ടിയിട്ടതിന് മന്ത്രി ബസ് നിറുത്തിച്ച് ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്.