woman

ലക്നൗ: ആളുകൾ ലിഫ്റ്റ് ചോദിക്കുമ്പോൾ അവരെ സഹായിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അത്തരം സഹായങ്ങൾ മുതലെടുക്കുന്നവരും ഏറെയാണ്. അത്തരത്തിൽ ലിഫ്റ്റ് ചോദിച്ച് ആളുകളെ കബളിപ്പിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നുള്ള ഒരു യുവാവാണ് ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കാണുന്ന ബൈക്കിനെല്ലാം യുവതി കൈകാണിച്ച് ലിഫ്റ്റ് ചോദിക്കും. മോഷണമാണത്രേ ഈ സ്ത്രീയുടെ ലക്ഷ്യം. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീയെപ്പോലെയാണ് വേഷം. ശേഷം ഇരുചക്രവാഹനങ്ങൾക്ക് കൈകാണിക്കും. വണ്ടി നിർത്തുന്നവരോട് ഏതെങ്കിലും ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞ് അവിടെ കൊണ്ടുവിടാൻ അഭ്യർത്ഥിക്കുകയാണ് യുവതി ചെയ്യുന്നതെന്ന് യുവാവ് ആരോപിക്കുന്നു.

ബൈക്കിൽ കയറിയ ശേഷം പോക്കറ്റിൽ നിന്ന് പണം മോഷ്ടിക്കുന്നു. അത്തരത്തിലൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു ബൈക്ക് യാത്രികനൊപ്പം പിൻസീറ്റിൽ സഞ്ചരിക്കുന്ന സ്ത്രീയെ ചില പുരുഷന്മാർ കാറിൽ പിന്തുടർന്നാണ് വീഡിയോ ചിത്രീകരിച്ചത്.

ഒന്നുകിൽ യുവതി അയാളുടെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുക്കും. അല്ലെങ്കിൽ പണം നൽകാൻ നിർബന്ധിക്കുമെന്ന് ഈ പുരുഷന്മാർ പറയുന്നത് വീഡിയോയിൽ കേൾക്കാം. കാറിലുണ്ടായിരുന്ന യുവാക്കൾ ബൈക്ക് യാത്രികനോട് ആ സ്ത്രീ ലിഫ്റ്റ് ആവശ്യപ്പെട്ടോയെന്ന് ചോദിക്കുന്നു, അയാൾ തലയാട്ടി. തുടർന്ന് അവൾ കള്ളിയാണെന്നും ഈ സ്ത്രീയ്ക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഇതുകേട്ട് യുവതി പുരുഷന്മാരുമായി തർക്കിക്കാൻ തുടങ്ങി. സാഹചര്യം മനസിലാക്കിയ ബൈക്ക് യാത്രികൻ യുവതിയോട് ബെക്കിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിടിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതി പെട്ടെന്ന് വെളുത്ത തുണികൊണ്ട് മുഖം മൂടി ബൈക്കിൽ നിന്ന് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്.