
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പ്. ഇന്ന് ഒരു പവന് ഒറ്റയടിക്ക് 2400 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 94,360 രൂപയായി. പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു.
ഈ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിക്കൊണ്ടാണ് ഇന്ന് സ്വർണവിലയിൽ റെക്കാർഡ് വർദ്ധനവുണ്ടായിരിക്കുന്നത്. സ്വർണവില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഇത് വലിയ തിരിച്ചടിയായി. ഇന്നത്തെ വില (പവൻ): 94,360 രൂപ വർദ്ധനവ് (പവൻ): 2400 രൂ, ഇന്നത്തെ വില (ഗ്രാം): 11,795 രൂപ (വർധനവ്: 300 രൂപ)
നിലവിൽ പണിക്കൂലിയും നികുതിയും അടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 1,02,500 രൂപയോളം നൽകേണ്ടി വരും.സ്വർണവില വർദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് എസ്. അബ്ദുൾ നാസർ ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു.
"രണ്ട് മൂന്ന് മാസങ്ങളായി സ്വർണവില വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. വില ഒരു പരിധിയില്ലാതെ കുതിക്കുകയാണ്. മൂന്ന് വർഷം കൊണ്ട് അന്താരാഷ്ട്ര സ്വർണവില ഔൺസിന് 2,200 ഡോളറിൽ നിന്ന് 4,165 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്. മറ്റ് ഓഹരി വിപണികൾ ഉൾപ്പെടെയുള്ളവ തകർന്നടിഞ്ഞ സാഹചര്യത്തിൽ സ്വർണം ഒരു ഇന്റർനാഷണൽ കറൻസിയായി മാറിയിരിക്കുന്നു. ഈ കുതിപ്പ് തുടരാനാണ് സാദ്ധ്യത." അദ്ദേഹം പറഞ്ഞു.