
വിമാനയാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല. എന്നാൽ പലർക്കും വിമാനാത്ര ചെയ്യുമ്പോൾ ഹാൻഡ് ലഗേജിൽ എന്തൊക്കെ കൊണ്ടുപോകണമെന്ന് അറിയില്ല. ചിലപ്പോൾ അറിയാതെ എടുത്തുവയ്ക്കുന്ന വസ്തുക്കൾ നിങ്ങളുടെ യാത്രപോലും മുടക്കിയേക്കാം. ചില വസ്തുക്കൾ വിമാനത്താവളത്തിനുള്ളിൽ കൊണ്ടുവരുന്നത് സുരക്ഷാ ഏജൻസികൾ നിരോധിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
അതിൽ പ്രധാനപ്പെട്ടത് മൂർച്ചയുള്ള വസ്തുക്കളാണ്. കത്തികൾ, കത്രികകൾ, റേസർ ബ്ലേഡുകൾ, നെയിൽ കട്ടറുകൾ എന്നിവ പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ എയർപോർട്ടുകളിൽ അനുവദിക്കില്ല. മറ്റുള്ളവർക്ക് ദോഷം വരുത്താൻ സാദ്ധ്യയുള്ള ആയുധമായാണ് ഇതിനെ സുരക്ഷാ ഏജൻസികൾ കാണക്കാക്കുന്നത്. അതിനാലാണ് ഇവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ലെെറ്ററോ തീപ്പെട്ടിയോ ഹാൻഡ്‌ബാഗിൽ വയ്ക്കാൻ പാടില്ല. തീപിടിത്തസാദ്ധ്യതയുള്ളതിനാലാണ് ഇവയ്ക്ക് അനുമതിയില്ലാത്തത്.
കൂടാതെ 160 വാട്ട് - അവറിൽ കൂടുതലുള്ള പവർ ബാങ്കോ ബാറ്ററികളോ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അതിനാൽ പവർ ബാങ്കുകളിലെ ലേബൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ചുറ്റികകൾ, സ്‌ക്രൂഡ്രെെവറുകൾ, പ്ലയർ പോലുള്ള ടൂളുകൾ ഇ - സിഗരറ്റുകൾ, വേപ്പുകൾ എന്നിവയും ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിരോധിച്ചിരിക്കുന്നു.
ഇവ പരിശോധനയിൽ കണ്ടെത്തിയാൽ ചിലപ്പോൾ നിങ്ങൾക്ക് പിഴ ഈടാക്കാനും സാദ്ധ്യതയുണ്ട്. ഹെയർ സ്‌പ്രേകൾ, കീടനാശിനി സ്‌പ്രേകൾ തുടങ്ങി പ്രഷർ അടങ്ങിയ കുപ്പികളും ഹാൻഡ് ലഗേജിൽ കൊണ്ടുപോകാൻ പാടില്ല. 100മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ ഹാൻഡ് ലഗേജിൽ അനുവദനീയമല്ല. വെള്ളം, ഷാംപൂ, സോസ്, അച്ചാർ, പെർഫ്യൂം എന്നിവയിൽ ഏതാണെങ്കിലും ഉണ്ടെങ്കിലും സുരക്ഷാ പരിശോധനയിൽ തടയപ്പെടും.