sleep

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് ഉറക്കം. ഭക്ഷണം, വെള്ളം എന്നിവ പോലെതന്നെയാണ് ഉറക്കവും. ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നതിനും അമിതവണ്ണം, വിഷാദം, സമ്മർദം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സാധിക്കും. ഹൃദയത്തിന്റെ ആരോഗ്യവുമായും ഉറക്കത്തിന് ബന്ധമുണ്ട്. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് പൊതുവേ ഡോക്‌ടർമാർ ഉൾപ്പെടെ പറയാറുള്ളത്.

എന്നാൽ, എത്ര മണിക്കൂർ ഉറങ്ങുന്നു എന്നത് മാത്രമല്ല, നിങ്ങൾ എങ്ങനെ ഉറങ്ങുന്നു എന്നതും പ്രധാനമാണ്. ഉറക്കവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ പരിശോധിക്കാം. തലച്ചോറിന്റെ സ്‌കാൻ, ജീവിതശൈലി എന്നിവയെല്ലാം കണക്കിലെടുത്ത് നൂറുകണക്കിന് വ്യക്തികളെ നിരീക്ഷിച്ചുകൊണ്ടാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇതിലെ കണ്ടെത്തൽ അനുസരിച്ച് അഞ്ച് വ്യത്യസ്‌തതരം ഉറക്കങ്ങളുണ്ട്. ഇതിൽ ഓരോന്നിനും നിങ്ങളുടെ മാനസിക, ശാരീരിക, വൈകാരിക ആരോഗ്യത്തെക്കുറിച്ചുള്ള സൂചനകൾ നൽകാനാകും.

ഉദാഹരണത്തിന് രണ്ടുപേർ എട്ട് മണിക്കൂർ ഉറങ്ങിയെന്ന് കരുതുക. ഇതിൽ ഉറക്കത്തിനിടെ എത്രതവണ ഉണർന്നു, ഉറക്കഗുളിക പോലുള്ളവ ഉപയോഗിച്ചോ, പകൽ സമയത്ത് എത്രമാത്രം ഊർജത്തോടെ നിൽക്കാനാകുന്നു എന്നതെല്ലാം രണ്ടുപേരിലും വ്യത്യസ്‌തമായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ എല്ലാവരും ഉറങ്ങുന്നത് ഒരുപോലെയാണെങ്കിലും ശരീരത്തിൽ നടക്കുന്ന പ്രവ‌ർത്തനങ്ങൾ വ്യത്യസ്‌തമാണ്.

sleep

പഠനത്തിൽ പറയുന്നത്

770 ആരോഗ്യമുള്ള യുവാക്കളുടെ ഉറക്കത്തിന്റെ വിവരങ്ങൾ, ബ്രെയിൻ ഇമേജിംഗ്, മനഃശാസ്‌ത്ര പരിശോധനകൾ എന്നിവ വിശകലനം ചെയ്‌തു. അഞ്ച് പ്രധാന തരം ഉറക്കങ്ങൾ ഇതിലൂടെ കണ്ടെത്തി. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്‌തമായി ഉറക്കത്തിന്റെ നിലവാരം കണ്ടെത്താനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഓരോരുത്തരുടെയും ഉറക്കവും തലച്ചോറും മാനസിക സ്വഭാവവും തമ്മിലുള്ള ബന്ധം കണ്ടെത്തി. അഞ്ച് തരം ഉറക്കത്തെക്കുറിച്ചും അതിലൂടെ എന്ത് അർത്ഥമാക്കുന്നു എന്നും നോക്കാം.

1. മോശമായ ഉറക്കം

രാത്രിയിൽ നല്ല ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഒന്നിലധികം പ്രശ്‌നങ്ങൾ ഇവരുടെ ഉറക്കത്തിലുണ്ട്. ഇടയ്‌ക്കിടെ ഉണരുക, തൃപ്‌തികരമായി ഉറക്കം ലഭിക്കാതിരിക്കുക, പകൽ മുഴുവൻ ക്ഷീണം, ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, ഭയം, കോപം തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ എന്നിവ ഇക്കൂട്ടർക്ക് ഉണ്ടാകും.

ലക്ഷണങ്ങൾ - സ്ഥിരമായ സമ്മർദം, എപ്പോഴും സുഖകരമല്ലാത്ത മാനസികാവസ്ഥ, ദേഷ്യം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

പരിഹാരം - ഉറങ്ങാനായി ഇരുണ്ട നിശബ്‌ദമായ മുറി തിരഞ്ഞെടുക്കുക. ഉറക്കമില്ലായ്‌മയ്‌ക്കുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ആരോഗ്യവിദഗ്ദ്ധരെ സമീപിക്കുക, സമ്മർദം നിയന്ത്രിക്കാൻ ധ്യാനം പോലുള്ളവ ചെയ്യുക.

2. ഉറക്കം വരാത്തവർ

ഇവർക്ക് സമ്മർദം, ദേഷ്യം, സങ്കടം എന്നീ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. ഇവർക്ക് മണിക്കൂറുകളോളം ഉറങ്ങാനാകും. പക്ഷേ, അത് ശരീരത്തിന് പ്രയോജനം ചെയ്യാത്ത ഉറക്കമാണ്. അതായത് ഉറക്കത്തെ പ്രതിരോധിക്കുന്ന ശരീരമാണ് ഇവരുടേത്.

പരിഹാരം - മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. മനഃസമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. സമ്മർദമുണ്ടാക്കുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കുക.

3. മരുന്നുകൾ ഉപയോഗിക്കുന്നവർ

സ്വാഭാവിക ഉറക്കം ഒരു മിഥ്യയാണെന്ന് കരുതുന്നവരാണ് ഇവർ. പതിവായി ഉറക്ക ഗുളികകൾ കഴിക്കുന്നവർ. ഓർമ, യുക്തിപരമായ ചിന്ത, കാഴ്‌ചക്കുറവ്, ഏകാഗ്രതക്കുറവ് എന്നിവ ഇക്കൂട്ടർക്ക് അനുഭവിക്കേണ്ടി വരുന്നു.

പരിഹാരം - ഒരു ഡോക്‌ടറെ കണ്ടശേഷം മാത്രം ഇത്തരം മരുന്നുകൾ കഴിക്കുക. വളരെ ചുരുങ്ങിയ കാലയളവിലേക്ക് മാത്രം മരുന്നുകൾ ഉപയോഗിച്ച് ക്രമേണ ഇതിന്റെ ഉപയോഗം അവസാനിപ്പിക്കുക.

sleep

4. അൽപ്പ ഉറക്കക്കാർ

ആറ് മണിക്കൂറിൽ കുറവ് ഉറക്കം മാത്രമാണ് ഇവർക്ക് ലഭിക്കുക. ആക്രമണാത്മകത, ചിന്തിക്കാനുള്ള ബുദ്ധിമുട്ട്, കൃത്യമായി ജോലി ചെയ്യാൻ കഴിയാതിരിക്കുക എന്നീ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇവർ മനഃപൂർവം ഉറങ്ങാത്തവരാണ്. ഫോൺ തുടങ്ങിയവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഉറക്കക്കുറവ് ഇതിൽപ്പെടുന്നു.

പരിഹാരം - ഉറക്കത്തിന്റെ സമയം കൂട്ടാൻ ശ്രമിക്കുക. വിശ്രമത്തിന് മുൻഗണന നൽകുക. സ്ഥിരമായ സമയക്രമം പാലിക്കുക.

5. അസ്വസ്ഥർ

ഉറക്കത്തിനിടെ ടോയ്‌ലറ്റിൽ പോകാൻ തോന്നുക, ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകുക, ശരീരത്തിൽ അസ്വസ്ഥതകൾ തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം ഇവർക്ക് ഉറങ്ങാൻ സാധിക്കില്ല. ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ഉപയോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയാണ് ഇതിന് കാരണം. കൂർക്കംവലി, ശ്വാസംമുട്ടൽ. ഇടയ്‌ക്കിടെ ഉണരുക എന്നീ പ്രശ്‌നങ്ങളും ഇവർക്കുണ്ടാകും.

പരിഹാരം - ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കാതിരിക്കുക. കാപ്പി, ചായ, ലഹരി വസ്‌തുക്കൾ എന്നിവയും ഉപയോഗിക്കരുത്.