virat-kohli

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി നാട്ടില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മുന്‍ നായകന്‍മാരായ വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും ഉള്‍പ്പെട്ടിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിലാണ് ഇരുവരും അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. ഇരുവരും ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് വെറ്ററന്‍ താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നത്.

നാല് മാസങ്ങള്‍ക്ക് ശേഷമാണ് വിരാട് കൊഹ്ലി ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ഐപിഎല്‍ വിജയത്തിന് ശേഷം വിരാട് കൊഹ്ലി ഭാര്യ അനുഷ്‌കയ്ക്കും മക്കള്‍ക്കുമൊപ്പം ലണ്ടനിലേക്ക് പോയിരുന്നു. അവിടെ സ്വന്തമായി വീടുള്ള താര കുടുംബം ക്രിക്കറ്റ് സീസണല്ലാത്ത സമയങ്ങളില്‍ തങ്ങുന്നത് ഇന്ത്യയിലല്ല. വിമാനത്താവളത്തിലെത്തിയ വിരാടിനെ സ്വീകരിക്കാന്‍ നിരവധി ആരാധകരും എത്തിയിരുന്നു. താടിയിലെ നര മുഴുവന്‍ കറുപ്പിച്ച് ഫേഡ് കട്ടില്‍ മുടി വെട്ടിയൊതുക്കി സ്റ്റൈലന്‍ ലുക്കിലാണ് വിരാട് വിമാനത്താവളത്തിലിറങ്ങിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താരത്തിന്റെ ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ താടിമുഴുവന്‍ നരച്ചിരുന്നു. തനിക്ക് ഇപ്പോള്‍ താടി കറുപ്പിക്കേണ്ട സ്ഥിതിയുണ്ടെന്ന് വിരാട് തന്നെ അന്ന് പറയുകയും ചെയ്തിരുന്നു. ഇന്ത്യയിലെത്തിയ വിരാട് ടീമിനൊപ്പം ചേരും. ഈ ആഴ്ച തന്നെ ടീം ഓസ്‌ട്രേലിയയിലേക്ക് പറക്കും. മാസങ്ങള്‍ക്ക് ശേഷം വിരാടിനേയും രോഹിത്തിനേയും വീണ്ടും ക്രിക്കറ്റ് മൈതാനത്ത് കാണാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.