toilet

ന്യൂഡൽഹി: ദേശീയപാത വഴിയുള്ള യാത്രയ്ക്കിടയിൽ ഇനിമുതൽ ആ'ശങ്ക' വേണ്ട. നടപടിക്കൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ടോൾ പ്ലാസകളിലെ പൊതുശൗചാലയങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കമിടാനാണ് എൻഎച്ച്എഐയുടെ തീരുമാനം. വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്ക് 1,000 രൂപ പാരിതോഷികം നൽകുമെന്ന് എൻഎച്ച്എഐ വാഗ്ദാനം ചെയ്തു. റിപ്പോർട്ട് ചെയ്യുന്നവരുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.

ഒക്ടോബർ 31 വരെയാണ് ഇത്തരത്തിൽ ചെയ്യാനാകുക.1000 രൂപ പ്രതിഫലം നേടാൻ ആഗ്രഹിക്കുന്നവർ രാജ്മാർഗ് യാത്ര ആപ്പ് ഡൗൺലോഡ് ചെയ്യണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലുള്ള ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലെറ്റുകളുടെ ജിയോ-ടാഗ് ചെയ്ത ഫോട്ടോകൾ എടുത്ത് അയക്കാം. ഫോട്ടോയെടുത്ത സ്ഥലവും സമയവും ഫോട്ടോയ്ക്കൊപ്പം ഉണ്ടാകണം. അപേക്ഷയ്ക്കൊപ്പം അപേക്ഷിക്കുന്ന വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ഒരു വിആർഎൻ നമ്പറിൽ ഒരിക്കൽ മാത്രമേ 1000 രൂപ ലഭിക്കൂ.

ഒരു ടോയ്‌‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നതിനുള്ള പാരിതോഷികം ദിവസത്തിൽ ഒരിക്കൽ മാത്രമേ നൽകൂ. ഒന്നിലധികം ഉപയോക്താക്കൾ ഒരേ ടോയ്‌ലെറ്റിന്റെ ചിത്രം പങ്കുവച്ചാൽ ആപ്പിലൂടെ പകർത്തിയ ആദ്യ ചിത്രത്തിനാകും പാരിതോഷികം നൽകുന്നത്. കൃത്രിമമായി നിർമ്മിച്ചതോ തീയതി രേഖപ്പെടുത്തിയതോ ആയ ചിത്രങ്ങൾ പങ്ക് വയ്ക്കാൻ പാടില്ല. അപേക്ഷകൾ എഐ പരിശോധനയ്ക്ക് വിധേയമാകും.