
ന്യൂഡൽഹി: ബോളിവുഡിൽ ഷാരൂഖ് ഖാൻ നേരിട്ടതിനെക്കാൾ വെല്ലുവിളി നേരിട്ടത് താനാണെന്ന അവകാശവാദവുമായി നടിയും ലോക്‌സഭ അംഗവുമായ കങ്കണ റണാവത്ത്. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ബോളിവുഡിലെ തന്റെ യാത്രയെക്കുറിച്ച് നടി സംസാരിച്ചത്. ഷാരൂഖ് ഖാനോടൊപ്പം സ്വയം താരതമ്യപ്പെടുത്തുന്നതായിരുന്നു കങ്കണയുടെ പ്രസംഗം. ഷാരൂഖ് ഡൽഹിയിൽ നിന്നുള്ളയാളാണെന്നും കോൺവെന്റ് വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. എന്നാൽ താൻ ഒരു ചെറിയ ഗ്രാമത്തിൽ നിന്നു വന്ന താരമാണെന്നും കങ്കണ കൂട്ടിച്ചേർത്തു.
'' എനിക്ക് എന്തുകൊണ്ടാണ് ഇത്രയധികം വിജയം ഉണ്ടായത്. ഒരു ഗ്രാമത്തിൽ നിന്ന് വന്ന് മുഖ്യധാരയിൽ ഇത്രയധികം വിജയം നേടിയ മറ്റാരും ഉണ്ടാകില്ല.നിങ്ങൾ പറയുന്ന ഷാരൂഖ് ഖാൻ ഡൽഹിയിൽ നിന്നുള്ള വ്യക്തിയാണ്. കോൺവെന്റ് വിദ്യാഭ്യാസം നേടിയ വ്യക്തി. എന്നാൽ, ആരും കേട്ടിട്ടുപോലുമില്ലാത്ത ഭംല എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വന്നത്. ആളുകൾ ഇതിനോട് വിയോജിച്ചേക്കാം. ഞാൻ മറ്റുള്ളവരോട് മാത്രമല്ല എന്നോട് തന്നെ സത്യസന്ധതയുള്ളവളായാണ് എനിക്ക് തോന്നുന്നത്'' കങ്കണ പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ഭംലയിൽ നിന്നും 19ാം വയസിലാണ് ഗാങ്സ്‌റ്റർ എന്ന സിനിമയിലൂടെ കങ്കണ സിനിമയിൽ എത്തിയത്. ഇതുവരെ നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ നടി നേടിയിട്ടുണ്ട്.
മറുവശത്ത്, ഷാരൂഖ് ഖാൻ ഡൽഹിയിൽ നിന്നുള്ളയാളാണ്, അദ്ദേഹത്തിന്റെ പിതാവ് അവിടെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കാന്റീനിൽ ജോലി ചെയ്തിട്ടുള്ളയാളാണ് . 1991 ൽ മുംബൈയിലേക്ക് താമസം മാറുന്നതിന് മുമ്പാണ് ഷാരൂഖ് ഖാൻ ടെലിവിഷനിലൂടെ അഭിനയ ജീവിതം ആരംഭിച്ചത്, ഒടുവിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. അടുത്ത വർഷം അവസാനം റിലീസ് ചെയ്യാൻ പോകുന്ന സിദ്ധാർത്ഥ് ആനന്ദിന്റെ കിംഗിലാണ് ഷാരൂഖ് ഖാൻ ഇപ്പോൾ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ മകൾ സുഹാന ഖാൻ, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിലുണ്ട്. അടുത്ത വർഷം അവസാനത്തോടുകൂടി ചിത്രം റിലീസ് ചെയ്യും.