
കൊച്ചി: മൂന്നര വയസ്സുകാരിയെ ആക്രമിച്ച് ചെവി കടിച്ചെടുത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൃശൂര്‍ മണ്ണൂത്തിയിലെ കോളേജ് ഓഫ് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകര സ്വദേശികളായ മിറാഷ് - വിനുമോള്‍ എന്നിവരുടെ മകള്‍ നിഹാരയ്ക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അച്ഛന്‍ മിറാഷിന് ഒപ്പം വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് തെരുവ് നായ ആക്രമിച്ചത്.
ആക്രമണത്തില്‍ കുട്ടിയുടെ വലത് ചെവിയുടെ ഒരു ഭാഗം അറ്റുപോയിരുന്നു. പിന്നീട് ശസ്ത്രക്രിയ നടത്തി ഈ ഭാഗം തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇത് വിജയകരമാണോ എന്നറിയാന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ് ഓപ്പറേറ്റീവ് വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് നിഹാര ഉള്ളത്. കുട്ടിക്ക് ആന്റി റാബീസ് ടെസ്റ്റ് നടത്തിയിരുന്നു. ആ പരിശോധനാ ഫലം നിലവില്‍ നെഗറ്റീവാണ്.
വീടിനടുത്തുള്ള പറമ്പില്‍ കുട്ടികള്‍ കളിക്കുന്നത് നോക്കി അച്ഛനോടൊപ്പം ഇരിക്കുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. നായയെ ഓടിക്കാന്‍ മിറാഷ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പരിക്കേറ്റ കുട്ടിയെ ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരിയിലെ മെഡിക്കല്‍ കോളേജിലും അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.