sports

കൊളംബോ: വനിതാ ലോകകപ്പിലെ ശ്രീലങ്ക - ന്യൂസിലാന്‍ഡ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ഇന്നിംഗ്‌സ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് മഴ എത്തിയത്. ഇതോടെ ന്യൂസിലാന്‍ഡിന്റെ ബാറ്റിംഗ് ആരംഭിക്കാന്‍ കഴിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു 53(72), നിലാക്ഷി ഡി സില്‍വ 55*(28) എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ഓപ്പണര്‍ വിഷ്മി ഗുണരത്‌ന 42(83), ഹാസിനി പെരേര 44(61), ഹര്‍ഷിത സമരവിക്രമ 26(31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ന്യൂസിലാന്‍ഡിന് വേണ്ടി ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബ്രീ ലിലിംഗ് രണ്ട് വിക്കറ്റുകളും എം റോസ്‌മേരി ഒരു വിക്കറ്റും വീഴ്ത്തി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ന്യൂസിലാന്‍ഡ് അഞ്ചാമതും നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ശ്രീലങ്ക ഏഴാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.