snake

കളമശേരി: എച്ച്.എം.ടി. റോഡിൽ സെന്റ് പോൾസ് കോളേജിന് സമീപം നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ പാമ്പ് കയറി. ഗവ. ഐ.ടി.ഐ യിലെ വിദ്യാർത്ഥികളാണ് കാണാനിടയായത്. ആലുവ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് പാമ്പ് കയറിയത്.

ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് ആണ് സംഭവം. സ്‌കൂട്ടറിന്റെ ഉടമ വരുന്നതുവരെ വിദ്യാർത്ഥികൾ കാത്തിരിക്കുകയും എത്തിയപ്പോൾ സംഭവം പറയുകയും ചെയ്തു. ഈ സമയം അതുവഴി കടന്നുവന്ന പൊലീസ് പെട്രോളിംഗ്സംഘം സ്‌നേക്ക് റെസ്‌ക്യൂറുടെ നമ്പർ കൊടുത്തു. കളമശേരി സ്വദേശി റിലാക്സ് ഷരീഫ് സ്ഥലത്തെത്തി. വാഹനം ഒന്നര കി.മീ. അപ്പുറം വർക്ക്‌ഷോപ്പിൽ എത്തിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ച് പാമ്പിനെ പിടികൂടി. ചേരയായിരുന്നെങ്കിലും രണ്ടുമണിക്കൂറോളം സമയമെടുത്താണ് പാമ്പിനെ പിടികൂടിയത്.