
തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയാണ് (24) മരിച്ചത്. സംഭവത്തിൽ യുവാവിന്റെ പ്രദേശവാസിയും ആർഎസ്എസ് പ്രവർത്തകനുമായ യുവാവിലേക്കാണ് അന്വേഷണം എത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനന്തു ആത്മഹത്യാക്കുറിപ്പിൽ ആരോപണം ഉന്നയിച്ച 'എൻഎം' ആരാണെന്നും പൊലീസ് കണ്ടെത്തി. യുവാവിന്റെ അടുത്ത രണ്ട് ബന്ധുക്കളും സുഹൃത്തുക്കളും ഇതുസംബന്ധിച്ചു പൊലീസിന് വിശദമായ മൊഴി നൽകിയിട്ടുണ്ട്. തെളിവുകളും കൂടുതൽ പേരുടെ മൊഴികളും ശേഖരിച്ചശേഷം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിന് മുൻപ് കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കമ്മീഷണർ തോംസൺ ജോസ് പറഞ്ഞു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.